പാക്കിസ്ഥാനില്‍ 4 ക്രൈസ്തവര്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു

Breaking News Global Top News

പാക്കിസ്ഥാനില്‍ 4 ക്രൈസ്തവര്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു
ബലൂചിസ്ഥാന്‍ ‍: പാക്കിസ്ഥാനില്‍ ഈസ്റ്റര്‍ ദിനത്തിന്റെ പിറ്റേന്ന് ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന 4 ക്രൈസ്തവര്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു.

ഏപ്രില്‍ 2-ന് തിങ്കളാഴ്ച ബലൂചിസ്ഥാനിലെ ക്വോട്ടാ നഗരത്തിലാണ് സംഭവം നടന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ പെര്‍വെയ്സ് മസി, ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരങ്ങള്‍ ഇമ്രാന്‍ മസി, തരീഖ് മസി മറ്റൊരു സഹോദരന്‍ ഇമ്മാനുവേലിന്റെ ഭാര്യ ഫിര്‍ദന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ക്പുര ജില്ലക്കാരായ ഇവര്‍ ക്വോട്ടയിലെ പെര്‍വെയ്സിന്റെ വീട്ടില്‍ എത്തിയതായിരുന്നു. പെര്‍വെയ്സായിരുന്നു ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. പെര്‍വെയ്സിന്റെ 12 വയസുള്ള മകള്‍ സിദ്രയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുട്ടി ക്വോട്ടയിലെ. സിവില്‍ ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്. ദരിദ്രരായിരുന്ന ഇവര്‍ ആര്‍ക്കും ഒരു ദോഷവും ചെയ്യാത്തവരായിരുന്നു.

മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികളാണ് വെടിവെച്ചത്. മൃതദേഹത്തില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു. സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് തീവ്രവാദികള്‍ ഏറ്റെടുത്തിട്ടുണ്ട്. വെടിവെയ്ക്കുന്ന സമയത്ത് തീവ്രവാദികള്‍ അള്ളാഹുവിനെ ഉച്ചത്തില്‍ സ്തുതിക്കുന്ന ശബ്ദവും കേട്ടിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ക്വോട്ട ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.