സുവിശേഷ വേലയ്ക്കായുള്ള കൈത്തങ്ങല്‍

സുവിശേഷ വേലയ്ക്കായുള്ള കൈത്തങ്ങല്‍

Articles Breaking News Editorials

സുവിശേഷ വേലയ്ക്കായുള്ള കൈത്തങ്ങല്‍

ഭാരത സുവിശേഷീകരണം ഓരോ ക്രൈസ്തവന്റെയും മനസ്സില്‍ പരമപ്രധാനമായ ലക്ഷ്യമാണ്. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ഓരോ ദൈവമക്കളും കഠിനമായി പരിശ്രമിക്കേണ്ടത് ഇന്നത്തെ ചുറ്റുപാടില്‍ അത്യന്താപേക്ഷിതമാണ്.

എന്തുകൊണ്ടെന്നാല്‍ ദുഷ്ടതയും അതിക്രമങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ മനുഷ്യര്‍ നശിച്ചുകാണ്ടിരിക്കുന്നു. ആത്മഹത്യകളും കൊലപാതകങ്ങളും അരാജകത്വവും രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ നടുവില്‍ രക്ഷയില്ലാതെ അജ്ഞതയില്‍ ലക്ഷക്കണക്കിനു ജീവിതങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്.

ആഡംബര ജീവിതത്തില്‍ മുഴുകി ധനം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ഒരു വശത്തും ഉടുതുണിക്കുപോലും കഷ്ടപ്പെടുന്ന നല്ലൊരു വിഭാഗം മറുവശത്തും കഴിയുന്ന നമ്മുടെ രാജ്യത്ത് ഈ ദുഷ്പ്രവണത അവസാനിപ്പിക്കുവാന്‍ സമത്വം ആവശ്യമാണ്.

ഇത് പല രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുത്തിട്ടുണ്ടായിരുന്നു. ഇന്നും ചില തീവ്രവിപ്ളവപാര്‍ട്ടികള്‍ ഈ മുദ്രാവാക്യം മുഴക്കി പോരടിക്കുന്നു. സ്ഫോടനങ്ങള്‍ നടത്തി കൂട്ടക്കൊല നടത്തുന്നു. എന്തു മാറ്റം ഉണ്ടായി? ധനികര്‍ കൂടുതലും ധനികരായിക്കൊണ്ടിരിക്കുന്നു. പട്ടിണിപ്പാവങ്ങള്‍ കൂടുതല്‍ ദാരിദ്ര്യത്തില്‍ വീണുകൊണ്ടിരിക്കുന്നു. ഇതു മാത്രമാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ യേശുക്രിസ്തു വിന്റെ സത്യ സുവിശേഷം പലരെയും മാനസാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നൂറുകണക്കിനു വ്യക്തിജീവിതങ്ങള്‍ക്ക് ദിനംതോറും ആശ്വാസവും സമൃദ്ധിയും ലഭിക്കുന്ന ദൈവത്തിന്റെ വചനം ഇന്നു ജനസമൂഹത്തിനു പരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു.

ഇതിനു കാരണം ദൈവമക്കളുടെ വിലയേറിയ പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളും സഹായ സഹകരണങ്ങളുമാണ്. തൊഴില്‍ ചെയ്യുവാന്‍ മടിയുള്ളവര്‍ക്ക് മനസ്സൊരുക്കവും ലഹരിപദാര്‍ത്ഥങ്ങള്‍ക്കായി സമ്പത്തു മുഴുവനും വിറ്റുകളഞ്ഞ് ജീവിക്കുന്നവര്‍ക്ക് മനസ്താപവും പാപജീവിതം നയിച്ചവര്‍ക്ക് മാനസാന്തരവും പാവങ്ങളോട് കരുണ കാണിക്കാത്തവര്‍ക്ക് മനസ്സലിവു ലഭിക്കുവാനും ദൈവവചനത്തിനു കഴിഞ്ഞു.

അതുകൊണ്ട് ശരിയായ രീതിയില്‍ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഇടപെടലുകള്‍ നടക്കുമ്പോഴാണ് പ്രയോജനമുണ്ടാകുന്നത്. ദൈവവേലയ്ക്കായിട്ടുള്ള പണം അതിനുവേണ്ടി മാത്രം വിനിയോഗിക്കുമ്പോള്‍ അതിനു ഫലം ഉണ്ടാകുന്നു. മറിച്ച് വഴിമാറ്റി പ്രയോഗിക്കുമ്പോള്‍ ദൈവനാമം ദുഷിക്കപ്പെടുവാന്‍ ഇടയാകുന്നു.

ഭാരത സുവിശേഷീകരണത്തിന് തടസ്സമായി നില്‍ക്കുന്ന പോരായ്മകളിലൊന്ന് സാമ്പത്തികമാണ്. അതിനുപ്രതിവിധിയായി വിശ്വാസികളില്‍ നിന്നും നല്ല പ്രതികരണം ആവശ്യമാണ്. വെറുതെ ധൂര്‍ത്തടിച്ചുകളയുന്ന പണം സുവിശേഷവേലക്കായി സമര്‍പ്പിക്കപ്പെട്ടവരെ വിശ്വസിച്ച് ഏല്‍പ്പിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സുവിശേഷകരെ സഹായിക്കുകയും ചെയ്യുന്നുവെങ്കില്‍ ഭാരതത്തില്‍ ദൈവവേല ശക്തമാകുമെന്നു തീര്‍ച്ച.

ഇന്ന് ബഹുഭൂരിപക്ഷം ദൈവവേലക്കാരും വീടും തൊഴിലും ഉപേക്ഷിച്ച് കര്‍ത്തൃവേലയ്ക്കായി ഇറങ്ങിത്തിരിച്ചപ്പോള്‍ അവരുടെ ജീവിതച്ചെലവുകള്‍ നടത്തുവാനും കുടുംബപ്രാരാബ്ധങ്ങള്‍ മാറുവാനും ദൈവദാസന്‍മാരുടെ തലമുറകള്‍ക്കുവേണ്ടി കരുതുവാനും പ്രാപ്തി ഇല്ലാതെവരുന്നു.

ഇങ്ങനെയുള്ളവരെ ഏറ്റെടുത്ത് സഹായിക്കാനെങ്കിലും ഇന്നത്തെ ധനികരായ ക്രൈസ്തവ വിശ്വാസികള്‍ തയ്യാറാകണം. അതിനുവേണ്ടി ഹൃദയം ദര്‍ശിക്കട്ടെ, കരം തുറക്കട്ടെ!.
പസ്റ്റര്‍ ഷാജി. എസ്.