പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം

Articles Breaking News Convention Editorials

പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം
കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുകൂടെ ഇരിക്കുമാറാകട്ടെ. (2 കൊരി.13:14).

നമ്മള്‍ എല്ലാവരോടും കൂടെ ഇരിക്കുന്നത് പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയാണ്. പരിശുദ്ധാത്മാവായ ദൈവം വിശ്വാസിക്ക് പുത്രനായ ദൈവത്തേയും, പിതാവായ ദൈവത്തേയും അറിയിച്ചു കൊടുക്കുന്നതും അനുദിനം ദൈവിക കൂട്ടായ്മ തരുന്നതും പിതാവായ ദൈവത്തിന്റെ സ്നേഹവും പുത്രനായ ക്രിസ്തുവിന്റെ കൃപയും പകര്‍ന്നു തരുന്നതും, കാര്യസ്ഥന്‍ എന്നാല്‍ നടത്തിപ്പുകാരനും, സൂക്ഷിപ്പുകാരനും, ഉപദേശകനും അങ്ങനെ എല്ലാം ആണ് പരിശുദ്ധാതാമാവ്.

ത്രിത്വത്തില്‍ മൂന്നാമനായ ദൈവമാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് നിങ്ങളില്‍ ഉണ്ട് എങ്കില്‍ ദൈവം നിങ്ങളില്‍ വസിക്കുന്നു. അതിനാല്‍ പരിശുദ്ധാത്മാവിനെ അറിയുക, സ്നേഹിക്കുക, സംസാരിക്കുക. നിങ്ങളുടെ സംശയങ്ങള്‍ക്ക് ചോദ്യങ്ങള്‍ക്ക് അവന്‍ ഉത്തരം തരും. പരിശുദ്ധാത്മാവ് നിങ്ങളിലുള്ള ആത്മാവിനോടു സംസാരിക്കുമ്പോള്‍ നിങ്ങള്‍ ദൈവശബ്ദം കേള്‍ക്കുന്നു.

ദൈവശബ്ദം കേള്‍ക്കാന്‍ നിങ്ങളുടെ ആത്മാവ് ഒരുക്കമുള്ളതായിരിക്കണം. ക്രോധം, കൈപ്പ്, അസൂയ എന്നീ വകകള്‍ തിങ്ങി നിറഞ്ഞ് അടയ്ക്കപ്പെട്ട ആത്മാവിനു ദൈവശബ്ദം കേള്‍ക്കാന്‍ കഴിയുകയില്ല. സകല സത്യത്തിലും വഴിനടത്തുന്നവനായ പരിശുദ്ധാത്മാവിന്റെ ശബ്ദം കേള്‍ക്കണമെങ്കില്‍ ശുദ്ധിയുള്ളവരായിരിക്കണം. പരിശുദ്ധാത്മാവിനെകൂടാതെ വേറെയും ചില ശബ്ദങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ കേള്‍ക്കുവാന്‍ കഴിയും.
ദൈവം എപ്പോഴും തന്റെ വചനത്തില്‍ക്കൂടി സംസാരിക്കുന്നു. ദൈവവചനം ഹൃദയത്തില്‍ സംക്ഷേപിച്ചാല്‍ മാത്രമേ ദൈവശബ്ദം തിരിച്ചറിയുവാന്‍ കഴിയുകയുള്ളു.

പരിശോധിച്ചു ദൈവശബ്ദം തിരിച്ചറിയുവാന്‍ കഴിയണം. അത് ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കണം. പരിശുദ്ധാത്മാവ് നല്ല കൂട്ടുകാരനായി നമ്മോട് ഇടപെടാന്‍ തയ്യാറാണ്. നാം അവനെ അംഗീകരിച്ചു സ്നേഹിക്കുന്നു എന്നിട്ടും നിങ്ങള്‍ ശരീരംകൊണ്ടു ചെയ്യുന്ന ഓരോ പാപവും നിങ്ങളിലുള്ള പരിശുദ്ധാത്മാവിനെ അത്യന്തം വ്യസനിപ്പിക്കുന്നു. ദയവായി നിങ്ങളിലുള്ള പ്രാവുപോലെ നിഷ്ക്കളങ്കനായ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാതിരിക്കുക.

നിങ്ങള്‍ സകലത്തിലും അധികമായി പരിശുദ്ധാത്മാവിനെ സ്നേഹിക്കുമ്പോള്‍ അവന്‍ നിങ്ങളിലൂടെ പ്രവര്‍ത്തിക്കും. അപ്പോസ്തോലന്മാരുടെ നിഴല്‍ വീണ ഉടന്‍ രോഗികള്‍ സൌഖ്യമായതുപോലെ സംഭവിക്കും. സ്വര്‍ഗ്ഗീയമായ ജ്ഞാനത്താല്‍ നിങ്ങള്‍ നിറയ്ക്കപ്പെടും. ആടുകള്‍ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു. (യോഹ. 10:4)

നിത്യതയിലേക്കുള്ള പാതയില്‍ അനേകം അസ്ഥിപഞ്ജരങ്ങള്‍ അങ്ങിങ്ങായി ചിന്നി ചിതറി കിടക്കുന്നതു കാണാം. ക്രിസ്തുവിനോടുകൂടി ആരംഭിക്കുകയും സാത്താനോടുകൂടി അവസാനിക്കുകയും ചെയ്തവരാണവര്‍ ‍. കര്‍ത്താവ് വിളിച്ചിറക്കിക്കഴിഞ്ഞാല്‍ അവന്റെ ശബ്ദം കേട്ട് പരിപൂര്‍ണ്ണമായി അവനെ അനുഗമിക്കണം.
പാസ്റ്റര്‍ ഷാജി. എസ്.