സത്യ ആരാധന

Articles Breaking News Convention Editorials

സത്യ ആരാധന
ലോക ജനസംഖ്യ 700 കോടി കവിഞ്ഞിരിക്കുകയാണ്. 5 ഭൂഖണ്ഡങ്ങളിലായി ഇത്രയേറെ ജനവിഭാഗങ്ങള്‍ ജീവിക്കുന്നതുതന്നെ ഒരു അത്ഭുതമാണ്. വിവിധ ഭാഷക്കാര്‍ ‍, വിവിധ വര്‍ണ്ണക്കാര്‍ ‍, വിവിധ ഗോത്രക്കാര്‍ പരസ്പര ബന്ധമില്ലാതെ ജീവിക്കുന്നു.

 

ബഹുഭൂരിപക്ഷവും യഥാര്‍ത്ഥ സൃഷ്ടാവിനെ മറന്നു ജീവിക്കുന്നുവെന്നതാണ് ഏറെ കഷ്ടം. ഓരോരുത്തരും അവരുടേതായ പാരമ്പര്യങ്ങളില്‍ വിശ്വസിച്ചു പോരുന്നു. സൃഷ്ടിയുടെ ആരംഭം മുതല്‍ ഇന്നുവരെയും ഇതു പിന്‍തുടര്‍ന്നു വരുന്നു. ദൈവം ആദാം എന്ന മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ ആരാധിക്കുവാനായിട്ടാണ്. അതിനുള്ള സര്‍വ്വ സ്വാതന്ത്ര്യവും മനുഷ്യനു നല്‍കിയിരുന്നു.

 

ഭൂമിയുടെ മധ്യഭാഗത്തുതന്നെ പിറന്നു വീണ മനുഷ്യനു കൂട്ടായി ഒരു ജീവിത പങ്കാളിയെകൂടി ദൈവം ഒരുക്കിക്കൊടുത്തു. ആദാമും ഹവ്വായും ആദ്യത്തെ ദമ്പദികളായി ജീവിച്ചു. ഏദന്‍ പറുദീസയിലെ സൌഭാഗ്യങ്ങള്‍ അവര്‍ രുചിച്ചറിഞ്ഞു. കുറെക്കാലം മാത്രമേ അത് നീണ്ടുനിന്നുള്ളു. അവരെ തകര്‍ക്കുവാനായി ദൈവത്തിന്റെയും മനുഷ്യന്റെയും ശത്രുവായ സാത്താന്‍ പാമ്പിന്റെ രൂപത്തിലെത്തിയാണ് ആദ്യ മനുഷ്യരെ വഴിതെറ്റിച്ചത്.

 

പാപത്തിന്റെ വിത്തുകള്‍ ഇവരിലൂടെ മനുഷ്യവര്‍ഗ്ഗത്തിലേക്കു മുളച്ചുവന്നു. ഇതിനൊരു പരിഹാരമായിട്ടാണ് ദൈവത്തിന്റെ പുത്രനായ യേശുവിനെ ദൈവം നൂറ്റാണ്ടുകള്‍ക്കു ശേഷം ഭൂമിയിലേക്കയച്ചത്. യേശു സകല മനുഷ്യര്‍ക്കും വേണ്ടി മരിച്ചു. യാതൊരു പാപവും ചെയ്യാത്ത പരിശുദ്ധനായ യേശു പാപികളായ മനുഷ്യര്‍ക്കുവേണ്ടി മരക്കുരിശില്‍ സ്വയം ജീവന്‍ വെടിഞ്ഞു.

 

യേശുവിന്റെ ബലിദാനം ഈ ഭൂമിയിലുള്ള സകല മനുഷ്യര്‍ക്കും വേണ്ടിയാണ്. അത് ഏതെങ്കിലും രാജ്യക്കാര്‍ക്കോ, ഭാഷക്കാര്‍ക്കോ, ഗോത്രക്കാര്‍ക്കോ, സമുദായക്കാര്‍ക്കോ വേണ്ടി മാത്രമല്ലായിരുന്നു. പുരുഷനായും സ്ത്രീയായും ജനിച്ച സകല മനുഷ്യവര്‍ഗ്ഗത്തിനുംവേണ്ടിയാണ്. യേശുവിലൂടെയുള്ള മനുഷ്യന്റെ വീണ്ടെടുപ്പ് ഇന്ന് ശക്തമായി നടന്നുകൊണ്ടിരിക്കുകയാണ്. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ആത്മരക്ഷയുണ്ട്.

 

പല മഹാന്മാരും ലോകത്ത് അവതരിക്കുകയുണ്ടായി. മഹാന്മാരായി ജനിച്ചവരല്ല ഇവര്‍ വെറും സാധാരണക്കാരായി ചെറ്റക്കുടിലുകളിലോ, ദരിദ്രകുടുംബങ്ങളിലോ ജനിച്ച് വളര്‍ന്നു കഴിവും ആള്‍ശേഷിയും കുറെ തത്വജ്ഞാനങ്ങളും, പണംകൊണ്ടും പ്രശസ്തരായി. ഇതിലൂടെ ചിലര്‍ ആള്‍ ദൈവങ്ങളുമായി.

 

എന്നാല്‍ കര്‍ത്താവായ യേശു അങ്ങനെയല്ലായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ യേശുവിന്റെ ജനനം ദൈവത്തിന്റെ പ്രവാചകന്മാരിലൂടെ വെളിപ്പെട്ടു. സമയവും സന്ദര്‍ഭങ്ങളും ജനിക്കാനുള്ള കാരണങ്ങളും ജനനത്തിലെ ലക്ഷ്യവുമൊക്കെ വെളിപ്പെട്ടിരുന്നു. അങ്ങനെ മനുഷ്യ വര്‍ഗ്ഗത്തിനു വിശ്വസിക്കാന്‍ പറ്റിയ മാര്‍ഗ്ഗത്തിലൂടെയാണ് യേശു തന്റെ ജീവിത ദൌത്യം പൂര്‍ത്തീകരിച്ചത്.

 

ഈ സത്യം മനസ്സിലാക്കി 2000 വര്‍ഷത്തിനിടെ കോടിക്കണക്കിനാളുകളാണ് വിശ്വസിച്ച് രക്ഷ പ്രാപിച്ചത്. ഇന്നും ഒരു ദിവസം ലോകത്ത് നൂറുകണക്കിനു ജനങ്ങളാണ് യേശുവില്‍ വിശ്വസിക്കുന്നത്. യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങി വരവിനുവേണ്ടി കാത്തിരിക്കുന്ന വിശുദ്ധന്മാര്‍ ജനകോടികളാണ്.

 

ആദ്യമനുഷ്യന്റെ നഷ്ടപ്പെട്ട പറുദീസ വീണ്ടെടുക്കുവാനായി കാത്തിരിക്കുന്ന വിശുദ്ധന്മാരാണ് യേശുവിന്റെ അനുയായികളായ നമ്മള്‍ ‍. ഈ ലോകം ശാശ്വതമല്ല. ഇവിടെ ദുഃഖവും കണ്ണുനീരും ഉണ്ടായേക്കാം. എന്നാല്‍ നമുക്കുവേണ്ടി ഒരുക്കിയിട്ടുള്ള സ്വര്‍ഗ്ഗത്തില്‍ നിത്യ സന്തോഷവും ആനന്ദവും സമൃദ്ധിയും നിറഞ്ഞ നിത്യജീവിതമാണ്. അതിനുവേണ്ടി നമുക്കു പ്രത്യാശിക്കാം.
പാസ്റ്റര്‍ ഷാജി. എസ്.

Comments are closed.