യു.പിയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ ആക്രമണം; പാസ്റ്റര്‍ക്ക് മര്‍ദ്ദനമേറ്റു

Breaking News India Top News

യു.പിയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ ആക്രമണം; പാസ്റ്റര്‍ക്ക് മര്‍ദ്ദനമേറ്റു
ഫത്തേപൂര്‍ ‍: ഉത്തര്‍പ്രദേശില്‍ സ്നാന ശുശ്രൂഷ നടക്കുന്നതിനിടയില്‍ വര്‍ഗ്ഗീയ വാദികള്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍മാര്‍ക്കും രണ്ടു വിശ്വാസികള്‍ക്കും പരിക്കേറ്റു.

 

മാര്‍ച്ച് 28-ന് ബുധനാഴ്ച ഫത്തേപൂര്‍ ജില്ലയിലെ ഹരിഹര്‍പൂരിലെ ചുനഗള്ളി സ്ട്രീറ്റില്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഇന്‍ഡ്യാ സഭയുടെ സ്നാന ശുശ്രൂഷാ ചടങ്ങിനിടയിലാണ് ആക്രമണം നടന്നത്. സഭാ പാസ്റ്റര്‍ ജോസ്പ്രകാശും സഹപ്രവര്‍ത്തകരും വിശ്വാസികളും ചേര്‍ന്ന് ചില വിശ്വാസികളെ സ്നാനപ്പെടുത്തുന്നതിനിടയിലാണ് സംഭവം.

 

മൂന്നുമണിയോടുകൂടി സ്നാന ശുശ്രൂഷ നടക്കുമ്പോള്‍ 20-ഓളം വരുന്ന ഹിന്ദു വര്‍ഗ്ഗീയവാദികള്‍ കാവി വസ്ത്രമണിഞ്ഞ് സ്നാന ശുശ്രൂഷ തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നു.

 

പാസ്റ്റര്‍ ജോസ്പ്രകാശിന്റെ സഹപ്രവര്‍ത്തകരായ ദിനേശ് കുമാര്‍ (25), പ്രേം (45) എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. മൂവരേയും ഇ.എച്ച് എമിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാസ്റ്റര്‍ ജോസിന്റെ നേതൃത്വത്തില്‍ ടൌണ്‍ഹാളില്‍ ഒരു മാസത്തെ ഉപവാസ പ്രാര്‍ത്ഥന ക്രമീകരിച്ചിരുന്നു. നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തിരുന്നു.

 

ഇതിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു സ്നാന ശുശ്രൂഷ ക്രമീകരിച്ചിരുന്നത്. ദിനേശിന് തലയ്ക്കും കണ്ണിനുമാണ് പരിക്കേറ്റത്. പോലീസില്‍ വിവരം അറിയിച്ചപ്പോള്‍ പോലീസ് ദിനേശ് കുമാറിനേയും പ്രേമിനേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാസ്റ്റര്‍ ഫത്തേപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി രേഖാമൂലം നല്‍കി.

 

തുടര്‍ന്നു ദൈവസന്നിധിയില്‍ മുട്ടുമടക്കി പ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധാത്മാവ് ഇടപെട്ടു. പ്രതികളായ 20 പേര്‍ക്കെതിരെ കേസ് കൊടുക്കരുതെന്നായിരുന്നു പരിശുദ്ധാത്മാവ് ആലോചന നല്‍കിയത്. ഈ വിവരം പരിക്കേറ്റ മറ്റു സഹപ്രവര്‍ത്തകരേയും അറിയിച്ചു.

 

ഭാവിയില്‍ ഈ പ്രദേശത്തു ദൈവവേലയ്ക്കു തടസ്സമുണ്ടാകാതിരിപ്പാന്‍ ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കാനാണ് താല്‍പ്പര്യമെന്ന് പാസ്റ്റര്‍ ജോസ് പറഞ്ഞു.