ലോകം കാല്നടയായി ചുറ്റി കാള് ബുഷ്ബി; 28 വര്ഷം, 50,000 കിലോമീറ്റര്
ലണ്ടന്: ഓരോ മനുഷ്യനും ജീവിതത്തില് വലിയ വലിയ മോഹങ്ങളുണ്ട്. പലതും നടക്കും, ചിലത് നടക്കാതെ വരും.
കഠിന പ്രയത്നവും സമര്പ്പണവുമുണ്ടെങ്കില് ഏതു കാര്യത്തിലും വിജയിക്കാമെന്ന് ഒരു സന്ദേശം പങ്കുവെയ്ക്കുകയാണ് ബ്രിട്ടീഷ് സാഹസീകന് കാള് ബുഷ്ബി.
28 വര്ഷം നീണ്ട തന്റെ ലോക പര്യടനത്തിനുശേഷം ബുഷ്ബി ഇംഗ്ളണ്ടിലെത്തി. ലോകം കാല്നടയായി ചുറ്റി വടക്കന് ഇംഗ്ളണ്ടിലെ ഹളിനടുത്തുള്ള അമ്മയുടെ വീട്ടിലെത്തുകയായിരുന്നു ലക്ഷ്യം.
1998 നവംബര് 1-ന് 29-മത്തെ വയസ്സിലാണ് തെക്കന് ചിലിയിലെ പൂണ്ട അരിനസില് നിന്ന് ബുഷ്ബി യാത്ര ആരംഭിച്ചത്.
29 രാജ്യങ്ങളിലൂടെ ഏകദേശം 50,000 കിലോമീറ്റര് കാല്നടയായി സഞ്ചരിച്ചാണ് 69 കാരനായ ബുഷ്ബി നാട്ടില് തിരിച്ചെത്തിയത്. യാത്രയുടെ അവസാന ഘട്ടത്തില് ഇംഗ്ളീഷ് ചാനല് നീന്തി കടന്നാണ് ബ്രിട്ടനിലെത്തിയത്.
ഫ്രാന്സില്നിന്നും മൂന്നു ദിവസമെടുത്താണ് ബുഷ്ബി ഇംഗ്ളീഷ് ചാനല് നീന്തിക്കടന്നത്.
യാത്രയ്ക്കിടെ തെക്കേ അമേരിക്ക, മധ്യ അമേരിക്ക, അമേരിക്ക, കാനഡ, സൈബീരിയ, മംഗോളിയ, ചൈന തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. വിസ നിയന്ത്രണങ്ങള്, സാമ്പത്തിക പ്രതിസന്ധി, സ്പോണ്സര്മാരുടെ അഭാവം, കോവിഡ് മഹാമാരി, ഭൌമ-രാഷ്ട്രീയ സാഹചപര്യങ്ങള് എന്നിവ യാത്ര പലതവണ തടസ്സപ്പെടുത്തി.
ബ്രിട്ടനിലെത്തിയ ബുഷ്ബിയെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്ന്ന് സ്വീകരിച്ചു. യാത്രയെ ആസ്പദമാക്കി ‘വാക് ഓഫ് ലൈഫ്’ എന്ന ഡോക്യുമെന്ററി ഒരുക്കുന്നുണ്ട്.
യാത്രയുടെ അവസാന ലക്ഷ്യമായ ഹളില് നവംബര് ആദ്യത്തോടെ എത്താനാണ് പദ്ധതി.
തന്റെ യാത്ര മനുഷ്യന് പ്രതീക്ഷിക്കുന്നതിലും കൂടുതല് കാര്യങ്ങള് ചെയ്യാന് കഴിയുമെന്ന് തെളിയിക്കുകയാണ് ലക്ഷ്യമെന്ന് ബുഷ്ബി പറയുന്നു.

