യു.എസില്‍ പാസ്റ്ററുടെ ഭാര്യയെ ജീവനോടെ കത്തിച്ചു
ലിറ്റില്‍ടണ്‍ : അമേരിക്കയില്‍ കൊള്ളസംഘം വീട്ടില്‍ അതിക്രമിച്ചു കയറി പാസ്റ്ററെ മര്‍ദ്ദിക്കുകയും ഭാര്യയെ ജീവനോടെ തീകൊളുത്തുകയും ചെയ്തു.
ഭാര്യ തല്‍ക്ഷണം മരിച്ചു. നോര്‍ത്ത് കരോലിന സംസ്ഥാനത്ത് ലിറ്റില്‍ട്ടണിലെ മള്‍ബറി കോര്‍ട്ടിലെ ലേക് ഗാട്ട്സണ്‍ വീട്ടിലെ പാസ്റ്റര്‍ ജോണ്‍ അല്‍ഫോഡും ഭാര്യ നാന്‍സി അല്‍ഫോഡും (76) മാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
മാര്‍ച്ച് 9-ന് വെള്ളിയാഴ്ച രാവിലെ മുഖംമൂടി ധാരികളായ 2 പേര്‍ ഇവരുടെ വീട്ടില്‍ എത്തി ആയുധം കാട്ടി ദമ്പതികളെ ഭീഷണിപ്പെടുത്തി. ഒരാള്‍ കാറില്‍ നാന്‍സിയെ ബലമായി പിടിച്ചു കയറ്റി റൊവാനോക് റാപ്പിര്‍ഡ്സിലെ സ്റ്റേറ്റ് എംപ്ളോയിസ് ക്രെഡിറ്റ് യൂണിയന്‍ ബ്രാഞ്ച് എടിഎം കൌണ്ടറിലേക്കു കൊണ്ടുപോയി 1000 ഡോളര്‍ എടുപ്പിച്ചശേഷം വീട്ടിലേക്കു മടക്കിക്കൊണ്ടുവന്നു. ഈ സമയം മറ്റേ അക്രമി ജോണ്‍ അല്‍ഫോഡിനെ മര്‍ദ്ദിച്ച് അവശനാക്കി വീട്ടില്‍ ഇരുത്തിയിരിക്കുകയായിരുന്നു.
ഈ രംഗം കണ്ട നാന്‍സി ഭയന്നു ഒച്ചവെയ്ക്കുവാന്‍ ശ്രമിച്ചു. ഉടനെ അക്രമികള്‍ രണ്ടുപേരും ദമ്പതികളെ ജീവനോടെ തീകൊളുത്തി. ജോണ്‍ സാഹസികമായി വീടിനു പുറത്തേക്ക് ഓടി രക്ഷപെട്ടു. എന്നാല്‍ നാന്‍സി ജീവനോടെ കത്തിച്ചാമ്പലായി. കുറച്ചു സമയത്തിനകം തിരിച്ചു വീട്ടിലെത്തിയ ജോണ്‍ ഭാര്യ മരിച്ചുകിടക്കുന്ന രംഗമാണ് കണ്ടത്. വീടു കൊള്ളയടിച്ച സംഘം രക്ഷപെട്ടിരുന്നു.
ബഹളം കേട്ട് അയല്‍ക്കാര്‍ എത്തി ജോണിനെ ഡ്യൂക്ക് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാസ്റ്ററുടെ കാര്‍ അക്രമികള്‍ മോഷ്ടിച്ചുകൊണ്ടുപോവുകയും ചെയ്തു. സംഭവത്തില്‍ നോര്‍ത്ത് കരോലിന സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയതിന്റെ ഫലമായി രണ്ടു ദിവസത്തിനകം കാര്‍ കണ്ടെത്തുകയും പ്രതികളെ പിന്നീട് അറസ്റ്റു ചെയ്യുകയുമായിരുന്നു.
കെവിന്‍ മുണ്‍ (30), ലെസ്റ്റര്‍ കീര്‍ണി (34) എന്നിവരാണ് പ്രതികള്‍ . പാസ്റ്റര്‍ ജോണ്‍ അല്‍ഫോഡ് ബ്രോഡ്മക്സിലെ സാന്‍ഫോര്‍ഡ് മെമ്മോറിയല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ പാസ്റ്ററാണ്. നാന്‍സി സണ്ടേസ്കൂള്‍ അദ്ധ്യപികയുമാണ്.

