ദൈവാലയത്തിനു നേരെ ആൾക്കൂട്ട ആക്രമണം.
ഒഡീഷയിലെ രായഗഡ ജില്ലയിലുള്ള ഡെംഗാസ്വർഗി ഗ്രാമത്തിലെ ദേവാലയത്തിന് നേരെയാണ് ആൾക്കൂട്ടാക്രമണം നടന്നത്. മാർച്ച് 3-ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം.
ഒരു സംഘം ആളുകൾ പള്ളിയുടെ വാതിലുകൾ തകർത്ത് അകത്തുകയറി അൾത്താരയും തിരുസ്വരൂപങ്ങളും തകർത്തു.
ഇതിനുപുറമെ, പള്ളിക്കുള്ളിലുണ്ടായിരുന്ന ബൈബിൾ, ആരാധനാ പുസ്തകങ്ങൾ, വൈദികർ കുർബാനയ്ക്ക് ഉപയോഗിക്കുന്ന തിരുവസ്ത്രങ്ങൾ എന്നിവക്കെല്ലാം അക്രമികൾ തീയിട്ടു. പള്ളിയുടെ മുകൾഭാഗത്തിനും അക്രമികൾ കേടുപാടുകൾ വരുത്തിയിട്ടുണ്ട്.
ആരാധനാലയം തകർത്തതിന് പിന്നാലെ ഗ്രാമത്തിലെ ക്രൈസ്തവ വിശ്വാസികളെ സംഘം ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. സഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമാണ് അക്രമികൾ ഭീഷണി ഉയർത്തിയത്.
സംഭവത്തെത്തുടർന്ന് പ്രദേശത്തെ ക്രൈസ്തവ കുടുംബങ്ങൾ വലിയ ഭീതിയിലാണ്. പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട ചില പ്രാദേശിക തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
പള്ളിക്ക് നേരെ നടന്ന ഈ ഹീനമായ ആക്രമണത്തെ കത്തോലിക്കാ സഭയും വിവിധ ക്രൈസ്തവ സംഘടനകളും ശക്തമായി അപലപിച്ചു.
കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു.
രായഗഡ ബിഷപ്പ് മോൺ. അപ്ലിനാർ സേനാപതിയുടെ നിർദ്ദേശപ്രകാരം സഭാനേതൃത്വം നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്.
വികാരി ജനറൽ ഫാ. ശാന്തി ചന്ദ്ര പാണി ഉൾപ്പെടെയുള്ള സഭാ പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതികളിൽ ചിലരെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

