ദൈവസഭകളിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ്

ദൈവസഭകളിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ്

Articles Breaking News Editorials

ദൈവസഭകളിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് എന്നു കേള്‍ക്കുമ്പോള്‍ നാട് ഉണരുകയാണ്. എങ്ങും പ്രചരണ കോലാഹലങ്ങള്‍ .

അനൌണ്‍സ്മെന്റ് വാഹനങ്ങള്‍ ചീറിപ്പായുന്നു. നാടു മുഴുവനും പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും നിറഞ്ഞു നില്‍ക്കുന്നു. ദൃശ്യ പത്ര മാദ്ധ്യമങ്ങളിലൂടെയുള്ള വിശകലനങ്ങളും, ചര്‍ച്ചകളും സജീവം. ആകാംഷയും ടെന്‍ഷനും ഇടകലര്‍ന്നുള്ള ഭാവങ്ങള്‍ ‍, സ്ഥാനാര്‍ത്ഥികളുടെയും, രാഷ്ട്രീയ പാര്‍ട്ടികളുടെയും കോടികള്‍ വലിച്ചെറിഞ്ഞുള്ള പ്രചരണ പ്രവര്‍ത്തനത്തിനു മുമ്പില്‍ പാവം പൊതുജനങ്ങള്‍ വീണുപോകുന്നു. ഇതൊക്കെ ഒരു പൊതു തിരഞ്ഞെടുപ്പിന്റെ സാധാരണ സ്വഭാവ രംഗം മാത്രം.

ചില പെന്തക്കോസ്തു സഭകളിലെ തിരഞ്ഞെടുപ്പ് ചിത്രവും മേല്‍ വിവിരിച്ചതിനു ഏറെക്കുറെ സമാനതകളുള്ളതാകുന്നു. കുമ്പനാട്ടും, മുളക്കുഴയിലും, പുനലൂരുമൊക്കെ നടക്കുന്ന സഭാ കമ്മറ്റി തിരഞ്ഞെടുപ്പുകളും ഏറെ താമസിയാതെ പൂര്‍ണ്ണമായും പൊതുതിരഞ്ഞെടുപ്പിനെ വെല്ലുന്നതായിത്തീരുമെന്ന് ഇപ്പോഴത്തെ പോക്കു കണ്ടാല്‍ ആരും സമ്മതിച്ചു പോകും.

സ്ഥാനാര്‍ത്ഥികളുടെ അനൌണ്‍സ്മെന്റ് വാഹനങ്ങളും ഫ്ളെക്സ് ബോര്‍ഡുകളും കൊണ്ട് നാടു വീര്‍പ്പു മുട്ടുന്ന അവസ്ഥ ഉണ്ടാകുമെന്ന് സംശയമില്ല. സ്റ്റേറ്റ് ജനറല്‍ കമ്മറ്റികളിലേക്കും ഭാരവാഹി സ്ഥാനങ്ങളിലേക്കും മല്‍സരിക്കുന്ന ജനപ്രീയ തേരാളികള്‍ തുറന്ന വാഹനങ്ങളില്‍ കൈവീശി നൂറു കണക്കിനു വാഹനങ്ങളുടെ അകമ്പടികളോടുകൂടി പ്രചരണ വാഹനത്തിനു തൊട്ടു പുറകിലായി ചീറിപ്പായുന്ന കാഴ്ച കാണുവാനുള്ള മഹാഭാഗ്യം സുവിശേഷ വേലയ്ക്കും ദൈവസഭയുടെ നിലനില്‍പ്പിനായി കണ്ണീരോടെ പ്രാര്‍ത്ഥിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്ന പാവം വിശ്വാസികള്‍ക്കും താമസിയാതെ വന്നു ചേരുമെന്നുള്ള കാര്യത്തില്‍ രണ്ടു പക്ഷമില്ല.

കേരളത്തില്‍ ‍, ഇന്ത്യയില്‍ പെന്തക്കോസ്തു ഉണര്‍വ്വിനു തുടക്കം കുറിക്കുവാനും ദൈവസഭയുടെ കെട്ടുപണിക്ക് അഹോരാത്രം കഷ്ടപ്പെടുവാനും ദൈവം ഉപയോഗിച്ച വിശ്വാസ വീരന്മാരായ നമ്മുടെ പൂര്‍വ്വ പിതാക്കന്മാരുടെ രണ്ടാം തലമുറകളും, മൂന്നാം തലമുറകളും, നാലാം തലമുറകളുമൊക്കെയെന്ന് തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ യോഗ്യതകളായി സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഇറങ്ങിത്തിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അധികാര മോഹത്തിനായുള്ള പോരാട്ടത്തിനിടയില്‍ ലക്ഷക്കണക്കിനു രൂപയാണ് ചിലവാക്കുന്നത്. ഗാന്ധി നോട്ടുകള്‍ക്കു പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ ഇതൊക്കെ വെറും നിസ്സാരം മാത്രം.

ദൈവസഭയുടെ ആത്മീക ഭൌതീക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ആവശ്യമാണ്. അതിനു കമ്മറ്റികളും ആവശ്യമാണ്. പണ്ടുള്ളതുപോലെ ഇന്നും ഈ ആവശ്യം പ്രസക്തമാണ്. എന്നാല്‍ പണ്ടുണ്ടായിരുന്ന പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലുള്ള തിരഞ്ഞെടുപ്പുകളാണോ ഇന്നു നടക്കുന്നതെന്നു ആത്മപരിശോധന നടത്തണം. പേരിനും, പ്രശസ്തിക്കും, പണത്തിനും മുമ്പില്‍ പരിശുദ്ധാത്മാവിനു സ്ഥാനമില്ലാതെ വരുന്നു. ഒരു കാര്യം മനസ്സിലാക്കുക, പൊതു സമൂഹം നമ്മെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ചങ്ങനാശ്ശേരി എന്‍ ‍.എസ്.എസ്. ആസ്ഥാനത്തു പോലും നടക്കുന്ന അവരുടെ തിരഞ്ഞെടുപ്പ് എത്ര അച്ചടക്കത്തോടും, ലാളിത്യത്തോടും കൂടിയാണ് നടക്കുന്നത്. അവിടെ ആരും പ്രചരണം നടത്താനോ പണം വാരി എറിയാനോ ഇല്ലാഞ്ഞിട്ടല്ല, അവരുടെ പാരമ്പര്യം അവര്‍ കാത്തു സൂക്ഷിക്കുന്നു എന്നു മാത്രം. നമ്മുടെ പിതക്കന്മാര്‍ കാത്തു സൂക്ഷിച്ച അച്ചടക്കവും പരസ്പര വിശ്വാസവും, സ്നേഹവും, ലാളിത്യവുമൊക്കെ നമുക്കു മുമ്പില്‍ മാതൃകയാണ്. അത് പിന്തുടരുവാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്.

നമ്മെക്കുറിച്ച് തെറ്റായ സന്ദേശം ലോകക്കാരുടെ മുമ്പില്‍ ഉണ്ടാകുവാന്‍ ഇടവരരുത്. നമ്മുടെ തലമുറകള്‍ വാശിയും, വൈരാഗ്യവും, മത്സരബുദ്ധിയും കണ്ടു വളരുവാന്‍ ഇടം കൊടുക്കരുത്. പിശാചിനു കൂടുതല്‍ പണി ഉണ്ടാക്കിക്കൊടുക്കരുതെന്നുമാത്രം ഓര്‍പ്പിക്കുന്നു. കര്‍ത്താവിന്റെ നാമം മാത്രം നമുക്ക് ഉയര്‍ത്താം. അതിനുള്ള കൃപ എല്ലാവര്‍ക്കും ഉണ്ടാകട്ടെ.
പാസ്റ്റര്‍ ഷാജി. എസ്.

1 thought on “ദൈവസഭകളിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ്

  1. Pingback: generic ventolin

Comments are closed.