ഛത്തീസ്ഗഢില്‍ ക്രൈസ്തവ വിശ്വാസിയുടെ ശവസംസ്ക്കാരം തടഞ്ഞു
ഛത്തീസ്ഗഢില്‍ ഗ്രാമ സര്‍പഞ്ചിന്റെ പിതാവിന്റെ ക്രൈസ്തവ ആചാരപ്രകാരമുള്ള ശവസംസ്ക്കാര ചടങ്ങുകളെ സംബന്ധിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ആദിവാസികളായ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തി.
കാങ്കര്‍ ജില്ലയില്‍ തെവ്ഡ ഗ്രാമത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ഗ്രാമ സര്‍പഞ്ച് രാജ്മാന്‍ സലാമിന്റെ പിതാവായ ചമ്രറാം ഡിസംബര്‍ 16-ന് മരണപ്പെട്ടു. തുടര്‍ന്ന് ക്രൈസ്തവ ആചാരപ്രകാരമുള്ള ശ്രൂഷയ്ക്കുശേഷം ഡിസംബര്‍ 18-ന് സ്വന്തം ഭൂമിയില്‍ ശവം സംസ്ക്കരിച്ചു.
ഈ വിവരം അറിഞ്ഞ ഗ്രാമത്തിലെ ആദിവാസികളില്‍ ചിലര്‍ മാരകായുധങ്ങളുമായെത്തി ശവസംസ്ക്കാരത്തെ ചൊല്ലി തര്‍ക്കം നടത്തുകയും തുടര്‍ന്ന് ആക്രമണവും നടത്തി.
ചമ്രറാമിന്റെ കുടുംബം ദുഃഖത്തില്‍ കഴിയുന്നതിനിടെ ഒരു സംഘം ആളുകള്‍ മൃതദേഹം അവരുടെ പ്രാദേശിക ആചാരങ്ങള്‍ക്കനുസൃതമായി സംസ്ക്കരിച്ചില്ലെന്ന് പറഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.
ഇവരുടെ പരാതിയില്‍ മൃതദേഹം പുറത്തെടുക്കാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു.
എന്നാല്‍ ക്രിസ്ത്യന്‍ വിഭാഗം തങ്ങളുടെ മതപരമായ ആചാരപ്രകാരമാണ് ശവസംസ്ക്കാരം നടത്തിയതെന്നും അവരുടെ വിശ്വാസമനുസരിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ അവകാശമുണ്ടെന്നും വാദിച്ചു.
ഇരുവിഭാഗവും ശക്തമായി വാദിച്ചതിനെത്തുടര്‍ന്ന് സ്ഥലത്ത് ഉടന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

