വെള്ളവും വായുവും മാത്രമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പുതിയ കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ഗവേഷകര്‍
ഇന്‍ഡോര്‍: ലോകത്ത് ഏറ്റവും അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് വൈദ്യുതി. വൈദ്യുതി ക്ഷാമം ഇന്ന് വിവിധ രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടിട്ടുണ്ട്.
വെള്ളവും വായുവും മാത്രമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഇന്‍ഡോറിലെ ഐഐടി ഗവേഷകര്‍. സൂര്യപ്രകാശം, ബാറ്ററികള്‍, ടര്‍ബെന്‍ എന്നിവ വൈദ്യുതി ഉല്‍പ്പാദനത്തിന് ആവശ്യമില്ല.
ഐഐടി ഇന്‍ഡോറിലെ സുസ്ഥിര ഊര്‍ജ്ജ പരിസ്ഥിതി വിഭാഗം ഗവേഷകന്‍ പ്രൊഫസര്‍ ധീരേന്ദ്ര കെറായിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.
ജലബാഷ്പീകരണത്തിന്റെ സ്വാഭാവിക പ്രക്രീയയെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനത്തില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.
കാര്‍ബണിന്റെ ഒരു പാളിരൂപമായ ഗ്രാഫീന്‍ ഓക്സൈഡ്, സ്ഥിരത നല്‍കുന്ന സംയുക്തമായ സിങ്ക് ഇമിഡാസോള്‍ എന്നിവ സംയോജിപ്പിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെംബ്രണ്‍ എന്നിവയാണ് കണ്ടുപിടിത്തത്തിന്റെ പ്രധാന ഘടകം.
മെംബ്രണ്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങുമ്പോള്‍ വെള്ളം സൂഷ്മ ചാനലുകളിലൂടെ മുകളിലേക്ക് സഞ്ചരിച്ച് ബാഷിപീകരിക്കപ്പെടുകയും ഇത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യും.
ഈ ബാഷ്പീകരണ പ്രേരിത ചലനം മെംബ്രണിന്റെ എതിര്‍ അറ്റത്തുള്ള പോസിറ്റീവ് നെഗറ്റീവ് അയോണുകളെ വേര്‍തിരിക്കുകയും സ്ഥിരമായ വോള്‍ട്ടേജ് സൃഷ്ടിക്കുകയും ചെയ്യുന്നു.
ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് തുടര്‍ച്ചയായി വൈദ്യുതി നല്‍കാന്‍ ഈ സംവിധാനത്തിനു കഴിയും. 3.2 സിഎം2 വിസ്തീര്‍ണ്ണമുള്ള മെംബ്രണ്‍ 0.73 വോള്‍ട്ട് വരെ ഉല്‍പ്പാദിപ്പിക്കും.
ഒന്നിലധികം മെംബ്രണ്‍ സംയോജിപ്പിച്ച് ഉല്‍പ്പാദനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

