ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയത് പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികളുടെ നിര്‍ത്തലാക്കിയ സ്കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കുകയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം.
കേന്ദ്ര നിലപാട് പുനപരിശോധിക്കുമെന്ന പ്രതീക്ഷയിലായിരുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് കാരണമായി.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അവസാന തീര്‍പ്പ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി വെളിപ്പെടുത്തിയത്. ഇതോടെ പ്രശ്നത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയിരുന്ന പ്രതിഷേധം വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും സാദ്ധ്യതയേറി.
പുതിയ സ്കോളര്‍ഷിപ്പ് പദ്ധതികള്‍ക്ക് ഉദ്ദേശമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മുസ്ളീം, ക്രിസ്ത്യന്‍, ജൈന, പാഴ്സി, ബുദ്ധ, സിഖ് എന്നീ ആറ് ന്യൂനപക്ഷ വിഭാഗങ്ങളിലെ വദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കിവന്ന അഞ്ച് പദ്ധതികളാണ് 2022-23-ല്‍ കേന്ദ്രം ഏകപക്ഷീയമായി നിര്‍ത്തലാക്കിയത്.
നാല് പദ്ധതികളഉടെ ഫണ്ട് വെട്ടിക്കുറയ്ക്കുകയും ചെയ്തു. ക്ഷേമത്തിനായുള്ള 15 പോയിന്റ് പ്രോഗ്രാമിന്റെ ഭാഗമായി 2006-ല്‍ ആരംഭിച്ചതാണ് പദ്ധതി. ഇത് ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയേറെ ഗുണം ചെയ്യുന്ന പദ്ധതിയായിരുന്നു.
മൌലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ്, വിദേശത്തു പഠിക്കാനുള്ള വിദ്യാഭ്യാസ വായ്പ, പ്രീമെട്രിക്-പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെട പലതും നിര്‍ത്തലാക്കിയിരുന്നു.
പല വിദ്യാര്‍ത്ഥികള്‍ക്കും എംഫില്‍, പിഎച്ച്ഡി പ്രോഗ്രാമുകളില്‍ ചേരാനുള്ള പ്രധാന കാരണം ഫെലോഷിപ്പായിരുന്നു. ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതി പ്രയോജനപ്പെട്ടത്.

