2000 വര്‍ഷം പഴക്കമുള്ള പാത്രത്തില്‍ ഉണ്ടായിരുന്നത് മനുഷ്യ രക്തം, മുലപ്പാല്‍, ലഹരി വസ്തുക്കള്‍

2000 വര്‍ഷം പഴക്കമുള്ള പാത്രത്തില്‍ ഉണ്ടായിരുന്നത് മനുഷ്യ രക്തം, മുലപ്പാല്‍, ലഹരി വസ്തുക്കള്‍

Asia Breaking News

2000 വര്‍ഷം പഴക്കമുള്ള പാത്രത്തില്‍ ഉണ്ടായിരുന്നത് മനുഷ്യ രക്തം, മുലപ്പാല്‍, ലഹരി വസ്തുക്കള്‍

പുരാതന ഈജിപ്റ്റിലെ മനുഷ്യര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലഹരിക്കുവേണ്ടി തയ്യാറാക്കിയിരുന്ന പാനീയത്തിന്റെ രഹസ്യങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍.

2000 വര്‍ഷം പഴക്കമുള്ള പാത്രത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് രഹസ്യം ചുരുളഴിഞ്ഞത്. മനുഷ്യ രക്തവും, മുലപ്പാലും, ലഹരി പദാര്‍ത്ഥങ്ങളുമായിരുന്നത്രെ പുരാതന ഈജിപ്റ്റുകാരുടെ ലഹരിപാനീയത്തിലെ പ്രധാന ചേരുവകള്‍.

യു.എസിലെ സൌത്ത് ഫ്ളോറിഡ സര്‍വ്വകലാശാലയിലെ പ്രൊഫസറായ ഡേവിഡ് തനാസിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. 1984-ല്‍ തംപ ആര്‍ട്ട് മ്യൂസിയത്തിനു ലഭിച്ച ഈജിപ്റ്റില്‍നിന്നുള്ള ബെസ് മഗ്ഗ് ആണ് ഇദ്ദേഹം പഠന വിധേയമാക്കിയത്.

പുരാതന ഈജിപ്റ്റില്‍ ആരാധിച്ചിരുന്ന ദേവനാണ് ബെസ്. കുടുംബം, മാതാപിതാക്കള്‍, കുട്ടികള്‍, ശിശു ജനനം എന്നിവയുടെ സംരക്ഷക ദൈവമായാണ് ബെസിനെ ആരാധിച്ചിരുന്നത്.

ബെസിന്റെ മുഖത്തോടുകൂടിയുള്ള പാത്രങ്ങളാണ് ബെസ് മഗ്ഗുകള്‍. ഈ പാത്രങ്ങള്‍ എന്തിനുവേണ്ടിയാണ് പ്രത്യേകമായി നിര്‍മ്മിച്ചത് എന്നതിനെക്കുറിച്ചുള്ള സംശയം പുരാവസ്തു ഗവേഷകരെ ഏറെ ചിന്തിപ്പിച്ചിരുന്നു.

തംപ മ്യൂസിയത്തിലെ ബെസ് മഗ്ഗിന്റെ അകവശത്തുനിന്ന് ഒരു ഭാഗം ഇളക്കിയെടുത്ത് രാസപരിശോധനയ്ക്കും ഡിഎന്‍എ പരിശോധനയ്ക്കും വിധേയമാക്കുകയാണ് ഇവര്‍ ചെയ്തത്.

അത്യാധുനിക പ്രോട്ടിയോമിക്സ, മെറ്റബോളോമിക്സ്, ജനറ്റിക്സ് ടെക്നിക്കുകള്‍ സിന്‍കോട്രോണ്‍ റേഡിയേഷന്‍ അടിസ്ഥാനമാക്കിയുള്ള ഫോറിയര്‍ ട്രാന്‍സ്ഫോംഡ് ഇന്‍ഫ്രാറെഡ് മൈക്രോസ്പെക്ട്രോസ് കോപ്പി എന്നിവയും പഠനത്തിനായി ഉപയോഗിച്ചു.

പാത്രത്തിലടങ്ങിയ ജൈവ അവശിഷ്ടങ്ങളുടെ സ്വഭാവം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. വിശദമായ പരിശോധനയില്‍ വിവിധ പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യംമാണ് പാത്രത്തിനുള്ളില്‍ കണ്ടെത്തിയത്.

ലഹരിക്കുവേണ്ടി ഉപയോഗിച്ചിരുന്ന നിരവധി ചെടികളുടെ സാന്നിദ്ധ്യം പരിശോധനയില്‍ തിരിച്ചറിഞ്ഞു. പുളിപ്പിച്ച പഴച്ചാറുകള്‍, തേന്‍, റോയല്‍ ജെല്ലി എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തി.

മനുഷ്യ രക്തം, മുലപ്പാല്‍, മ്യൂക്കസ് ശ്രവം എന്നിവയും പാനീയത്തില്‍ കലര്‍ത്തിയിരുന്നതായി കണ്ടെത്തി. ലഹരിക്കാണ് ഇവ കൂട്ടിക്കലര്‍ത്തി ഉപയോഗിച്ചിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

ചില പ്രത്യേക തരം ആചാരങ്ങളുടെ ഭാഗമായിട്ടാണ് ഈ ലഹരി പാനീയം ഉപയോഗിച്ചിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. മതപരമായ ആചാരങ്ങളുടെ ഭാഗമായി വിശുദ്ധ സ്ഥലങ്ങളില്‍ ഒരുമിച്ചിരുന്ന് ഇത് കുടിക്കും.

ഇവിടെ ഉറങ്ങുകയും ചെയ്യും. ഉറക്കത്തില്‍ സ്വപ്നം കാണുകയോ അല്ലെങ്കില്‍ ഇതേപോലുള്ള മിഥ്യാ അനുഭവങ്ങള്‍ ഉണ്ടാകുകയോ ചെയ്യുകയും അത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് ഇവര്‍ വിശ്വസിക്കുകയും ചെയ്തിരുന്നു.

ആംസ്റ്റര്‍ഡാമിലെ അലന്‍ പിയോഴ്സണ്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ബെസ് പാത്രത്തിലും സമാനമായ ഗവേഷണം നടത്താനൊരുങ്ങുകയാണ് സംഘം.