എത്യോപ്യയിലെ കലാപം: 204 യഹൂദര്‍ മാതൃരാജ്യത്തേക്ക്
അഡിസ് അബാബ: എത്യോപ്യയില്‍ വടക്കന്‍ പ്രവിശ്യകളില്‍ നടന്നു വരുന്ന വിമത കലാപത്തെത്തുടര്‍ന്ന് സ്വസ്ഥത നഷ്ടപ്പെട്ട് കുടിയൊഴിക്കപ്പെട്ട യഹൂദ കുടുംബങ്ങള്‍ സ്വന്തം മാതൃരാജ്യത്തേക്ക് തിരിച്ചു.
ഗോണ്ടര്‍ നഗരത്തില്‍ താമസിച്ചിരുന്ന 134 യിസ്രായേല്യരും മൌണ്ട് ദാര്‍ നഗരത്തില്‍ താമസിച്ചിരുന്ന 30 പേരും ഉള്‍പ്പെടെ 204 യഹൂദരാണ് കുടിയൊഴിക്കപ്പെട്ടത്. ഇവരെ നാല് വിമാനങ്ങളിലായി തലസ്ഥാന നഗരിയായ അഡിസ് അബാബയില്‍ എത്തിച്ചിരുന്നു.
ഏതാനും ദിവസം മുമ്പ് യിസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു എത്യോപ്യയിലെ യിസ്രായേല്‍ എംബസി മുഖേന എത്യോപ്യന്‍ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു.
ഗോണ്ടറിലും മൌണ്ട്ദാറിലും കഴിയുന്ന യഹൂദരെക്കുറിച്ച് ആശങ്ക അറിയിക്കുകയും അവരെ എത്രയും പെട്ടന്ന് ഓപ്പറേഷന്‍ റെസ്ക്യു നടത്തി കലാപ മേഖലയില്‍നിന്നും രക്ഷപെടുത്തി യിസ്രായേലിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രത്യേക നടപടിയില്‍ യഹൂദരെ രക്ഷപെടുത്തിയത്. ഇവര്‍ക്ക് യിസ്രായേലിലേക്ക് എത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളുമൊരുക്കിയിട്ടുണ്ട്.
താമസിയാതെ മാതൃരാജ്യത്ത് എത്തിച്ചേരുമെന്ന് യിസ്രായേല്‍ എംബസി വ്യക്തമാക്കി. വര്‍ഷങ്ങളായി ഇതുവരെ എത്യോപ്യയില്‍നിന്നും ഏകദേശം 1,65,000 യഹൂദരാണ് തങ്ങളുടെ മാതൃരാജ്യത്ത് എത്തിയത്.