സ്വാധീനിക്കുന്ന സിനിമ (എഡിറ്റോറിയൽ)
സിനിമകള്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. വിശ്വാസികള്‍ മുതല്‍ അവിശ്വാസികള്‍ വരെ അറിഞ്ഞോ അറിയാതെ ഈ മാധ്യമത്തെ ഇഷ്ടപ്പെടുന്നു.
സിനിമകള്‍ക്ക് ഇന്ന് വന്‍ പ്രാധാന്യമാണ് ലോകത്ത് നേടിക്കൊടുത്തിരിക്കുന്നത്. വിവിധ ഗവണ്‍മെന്റുകള്‍ പോലും ഈ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നു.
അതിലൂടെ പലരും കോടീശ്വരന്മാരായിക്കൊണ്ടിരിക്കുന്നു. മറുവശത്ത് കോടിക്കണക്കിനു ആളുകള്‍ പട്ടിണിക്കാരായിക്കൊണ്ടിരിക്കുന്നു. വീടും ഭാവിയും നോക്കേണ്ട ഇക്കൂട്ടര്‍ സിനിമ കാണല്‍ വലയത്തില്‍ അകപ്പെട്ടതുകൊണ്ട് തങ്ങളുടെ പോക്കറ്റുകള്‍ കാലിയാക്കുന്നു.
അവര്‍ക്ക് തൊഴില്‍ ചെയ്യാന്‍ സമയമില്ല, കുടുംബം നോക്കാന്‍ താല്പര്യമില്ല, ഇങ്ങനെ സിനിമയുമായി ലോകത്ത് അഭിമാനികളായി കഴിയുന്നു. ഇന്ന് ലോകത്ത് നടക്കുന്ന അനീതിയും കൊള്ള യും കൊപാതകങ്ങളും തട്ടിക്കൊണ്ടുപോകലും വിവാഹ മോചനവും ഒക്കെ മനുഷ്യന്‍ സിനിമയെന്ന എഞ്ചുവടിയിലൂടെയാണ് അഭ്യസിച്ചെടുക്കുന്നത്.
നല്ലൊരു ശതമാനം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇന്ന് സിനിമകളെ ജീവിതത്തിലേക്ക് അനുകരിക്കാറുണ്ട്. വേഷങ്ങള്‍, ഡയലോഗുകള്‍, മോഡേണ്‍ സ്റ്റൈലുകള്‍ എല്ലാം ഏതെങ്കിലും സിനിമ പ്രവര്‍ത്തകരുടെ തലച്ചോറില്‍ നിന്നും പുറത്തു വരുന്ന ഭാവനകളുടെ അതിപ്രസരണങ്ങളാണ്.
ഇത് അനുകരിച്ച് ഷോ കാണിക്കുവാനും എക്സ്പ്രസ്സ് ചെയ്യുവാനും ആരാധകരും അല്ലാത്തവരും ശ്രമിക്കുന്നു.
കേരളത്തിലെ ആദ്യകാല സിനിമകളില്‍ പലതും സാമൂഹിക പ്രതിബന്ധതയും സമൂഹത്തെ ഗുണകരമായി ചിന്തിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതില്‍ പലതും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അടിമത്വങ്ങള്‍ക്കുമെതിരായി മൂര്‍ച്ചയുള്ള നാവുകളായിരുന്നു. ഇതൊക്കെ വിസ്മരിക്കുന്നില്ല. എന്നാല്‍ ഇന്നത്തെ സിനിമകളില്‍ നിന്നും ഇങ്ങനെയൊക്കെ പ്രതീക്ഷിക്കാമോ?
ഇന്ന് പലരുടെയും വീടും ഒരു സിനിമാശാല തന്നെയാണ്. കേബിള്‍ ടി.വിയും ഡി.വി.ഡി സൌകര്യങ്ങളും മനുഷ്യനെ മയക്കിയിരിക്കുന്നു. നടീനടന്മാരുടെ വേഷങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ ഇവയെല്ലാം ബിസിനസു കൊഴുപ്പിക്കുന്നു.
ഇന്നത്തെ ക്രൈസ്തവരുടെ വേഷച്ചാര്‍ത്തലുകള്‍ പോലും സിനിമാ മയമുണ്ടോയെന്ന് സംശയിക്കേണ്ടി വരുന്നില്ലേ. ലോകത്തെ സകല തിന്മകളുടെയും പെറ്റമ്മ സിനിമ ആണെന്ന് ഒരു മഹാന്‍ മുന്‍പ് പറഞ്ഞത് എത്രയോ ശരിയാണ്.
പ്രിയരെ നമുക്ക് ഈ ലോകത്തില്‍ നിന്നും ആരും സമ്പൂര്‍ണ്ണമായ ഒരു ജീവിത മാതൃക കാണിച്ചു തന്നിട്ടില്ല. സിനിമാക്കാരെയും ബുദ്ധിജീവികളെയും അനുകരിക്കാതെ ദൈവത്തെയാണ് അനുകരിക്കേണ്ടത്.
പൌലോസ് പറയുന്നു ആകെയാല്‍ പ്രിയമക്കള്‍ എന്ന പോലെ ദൈവത്തെ അനുകരിപ്പിന്‍ (എഫെ.5:1) നമുക്കു അനുകരിപ്പാനും ആശ്രയിപ്പാനും ദൈവവും ദൈവവചനവും മാത്രമേയുള്ളൂ.
പാസ്റ്റര്‍ ഷാജി എസ്.