മദ്യപിച്ചില്ലെങ്കിലും ശരീരത്തില്‍ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയില്‍ 50 കാരി, അമ്പരന്ന് ശാസ്ത്ര ലോകം
ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യം കഴിക്കാത്ത ആളാണെങ്കിലും ശരീരത്തില്‍ സ്വയം മദ്യം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അവസ്ഥ ഒരു പക്ഷേ നിങ്ങളെയും ബാധിച്ചേക്കാം.
മദ്യപിക്കാതെതന്നെ ലഹരി പിടിക്കുകയും മദ്യപാനികളെപ്പോലെ പെരുമാറുകയും ചെയ്ത ഒരു യുവതിയുടെ ജീവിത അവസ്ഥ പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രലോകം.
ഓട്ടോ ബ്രൂവറി സിന്‍ഡ്രം എന്നാണ് വിചിത്രമായ ഈ രോഗാവസ്ഥയെ അറിയപ്പെടുന്നത്. കാനഡയില്‍ അടുത്തിടെ ഒരു 50 കാരിയില്‍ ഈ രോഗാവസ്ഥ കണ്ടെത്തുകയുണ്ടായി.
മദ്യപിക്കാത്ത ഈ സ്ത്രീയില്‍ മദ്യപാനികളെപ്പോലുള്ള അവസ്ഥ ഉണ്ടായതിന്റെ കാരണം കണ്ടെത്താന്‍ നടത്തിയ പരിശോധനയിലാണ് കുടലില്‍ ഉണ്ടായ ഫംഗസ് ബാധയാണ് രോഗാവസ്ഥയ്ക്കു കാരണമെന്ന് കണ്ടെത്തിയത്.
കാനഡയിലെ മെഡിക്കല്‍ അസോസിയേഷന്‍ ജേണല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിചിത്ര രോഗാവസ്ഥയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.
ഫംഗസ് ബാധയുണ്ടാകുകയും അവയുടെ പ്രവര്‍ത്തനം കാരണം കഴിക്കുന്ന ഭക്ഷണത്തിലെ കാര്‍ബോ ഹൈഡ്രേറ്റ് എഥനോള്‍ ആയി മാറുകയാണ് ചെയ്യുന്നത്.
രണ്ടു വര്‍ഷമായി ഇവര്‍ക്ക് പകല്‍ സമയത്തെ ഉറക്കക്കുറവും സംസാരത്തില്‍ നാവ് കുഴയുന്നതും, മദ്യം കഴിച്ചില്ലെങ്കിലും ശ്വാസത്തില്‍ മദ്യത്തിന്റെ ഗന്ധവും അനുഭവപ്പെട്ടിരുന്നു.
തുടര്‍ന്നു ചികിത്സ തേടിയ ഇവര്‍ മദ്യപിക്കാറില്ല എന്നു പറഞ്ഞിട്ടും ആദ്യമൊന്നും ഡോക്ടര്‍മാര്‍ വിശ്വസിച്ചിരുന്നില്ല.
മദ്യപിക്കാത്ത വ്യക്തിയുടെ ശരീരത്തില്‍ എങ്ങനെയാണ് മദ്യത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകുന്നതെന്നറിയാന്‍ തുടര്‍ന്നു നടത്തിയ പരിശോധനകളിലാണ് സ്ത്രീക്ക് അപൂര്‍വ്വ രോഗമായ ഓട്ടോ ബ്രുവറി സിന്‍ഡ്രം സ്ഥിരീകരിച്ചത്.

