ക്രിസ്തുമസ് ദിനത്തില്‍ ആദിവാസി ക്രിസ്ത്യാനികള്‍ക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് ഹിന്ദു സംഘടന
അഗര്‍ത്തല: ത്രിപുരയില്‍ വര്‍ഗ്ഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്ന നീക്കവുമായി ആര്‍എസ്എസ് അനുബന്ധ സംഘടന. ക്രിസ്തുമസ് ദിനത്തില്‍ തലസ്ഥാന നഗരിയായ അഗര്‍ത്തലയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുവാനുള്ള തീരുമാനം ജനജാതി ധര്‍മ്മ സംസ്കൃതി സുരക്ഷാമഞ്ച് (ജെഎസ്എം) എന്ന തീവ്ര ഹിന്ദു സംഘടനയാണ് പദ്ധതിയിടുന്നത്.
ക്രിസ്തുമതത്തിലേക്കോ, ഇസ്ളാം മതത്തിലേക്കോ പരിവര്‍ത്തനം ചെയ്ത ഗോത്രവിഭാഗത്തില്‍ പെട്ടവരുടെ ക്ഷേമ ആനുകൂല്യങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള ആഹ്വാനവുമായാണ് ജെഎസ്എം പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.
ഈ വിശ്വാസങ്ങള്‍ സ്വീകരിച്ച വ്യക്തികളെ ഔദ്യോഗിക പട്ടിക വര്‍ഗ്ഗ (എസ് ടി) പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.
ജെഎസ്എം ഉന്നയിക്കുന്ന പ്രധാന വാദങ്ങളില്‍ മതം മാറിയ ഗോത്ര വര്‍ഗ്ഗ വ്യക്തികള്‍ ഇനി പരമ്പരാഗത ആചാരങ്ങള്‍ പാലിക്കുന്നില്ല. അവരെ എസ് ടി വിഭാഗത്തില്‍നിന്ന് ഒഴിവാക്കണം.
അവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ ക്വാട്ടകള്‍, ഇന്ത്യയുടെ അഫര്‍മേറ്റീവ് ആക്ഷന്‍ പ്രോഗ്രാമുകള്‍ക്ക് കീഴില്‍ അനുവദിച്ചിട്ടുള്ള മറ്റ് ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവ നിഷേധിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
പരിവര്‍ത്തനം ചെയ്തവരെ പട്ടികജാതി പദവികളില്‍നിന്ന് ഒഴിവാക്കണണെന്നാവശ്യപ്പെട്ട് ഡിസംബര്‍ 25-ന് സ്വാമി വിവേകാനന്ദ ഗ്രൌണ്ടില്‍ ഞങ്ങള്‍ വമ്പിച്ച റാലി നടത്തുന്നു. ജെഎസ്എം ത്രിപുര യൂണിറ്റ് കണ്‍വീനര്‍ ശാന്തി വികാഷ് ചക്മ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ജെഎസ്എംന്റെ ഈ രാഷ്ട്രീയ നീക്കത്തെ ത്രിപുരയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ സിപിഎം ശക്തമായി എതിര്‍ത്തു.
ത്രിപുരയിലെ ജനസംഖ്യയുടെ ഏകദേശം 4.35 ശതമാനം വരുന്ന ക്രിസ്ത്യാനികള്‍, ത്രിപുരി, ലുഷായി, കുക്കി, ഡാര്‍ലോങ്, ഹലാം തുടങ്ങിയ തദ്ദേശീയ ഗോത്ര വിഭാഗങ്ങളില്‍ പെട്ടവരാണ്. ക്രൈസ്തവ സഭകളും ഹിന്ദു സംഘടനകളുടെ നീക്കത്തെ ശക്തമായി എതിര്‍ത്തു.

