എഐയുടെ അപകടം; നിയന്ത്രണ നിയമവുമായി യൂറോപ്യന്‍ യൂണിയന്
നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുടെ സാങ്കേതിക വിദ്യയിലേക്ക് ലോകം എത്തപ്പെട്ടപ്പോള്‍ ഇതിന്റെ ദൂഷ്യവും അപകടകരവുമായ സ്ഥിതിയെപ്പറ്റി നിര്‍മ്മാതാക്കള്‍ പോലും ആശങ്കപ്പെടുന്നതിനിടയിലാണ് എഐയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള സുപ്രധാന നിയമം കൊണ്ടുവരാന്‍ യൂറോപ്യന്‍ യൂണിയന് തീരുമാനിച്ചത്.
38 മണിക്കൂര്‍ നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ എഐ നിയമവുമായി മുന്നോട്ടു പോകാന്‍ ഇയു ജനപ്രതിനിധികളും നയരൂപീകരണ ചുമതലയുള്ള നേതാക്കളും ധാരണയിലെത്തുകയായിരുന്നു.
ഇതാദ്യമായാണ് നിര്‍മ്മിതബുദ്ധിക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്തുന്നത്. മനുഷ്യ രാശിക്ക് വിശ്വസിക്കാവുന്ന വിധം എഐയെ വികസിപ്പിക്കാനുള്ള നിയമചട്ടക്കൂട്ടായിരിക്കും ഇതെന്നു ഇയു അദ്ധ്യക്ഷ ഉര്‍സുലവോണ്‍ ലെയര്‍ പറഞ്ഞു.
ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങള്‍ക്കായി സര്‍ക്കാരുകള്‍ എഐയെ പ്രയോജനപ്പെടുത്തുന്നതിനുള്‍പ്പെടെ മാര്‍ഗ രേഖകളുമാണ് നിയമത്തിലുള്ളത്. എഐ ഉപയോഗിച്ചുള്ള ബഹുവിഷയ സഹായിയായ ചാറ്റി ജിപിടിക്കുമേലും നിയന്ത്രണം വരും.
ചാറ്റ് ജിപിടിയും മറ്റു പൊതു എഐ സംവിധാനങ്ങളും വിപണിയിലെത്തിക്കും മുമ്പ് സുതാര്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്നാണ് നിയമത്തിലൂടെ അനുശാസിക്കുന്നത്.
ഭീകരവാദം പോലെ ഏറെ ഗൌരവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ സര്‍ക്കാരുകള്‍ തല്‍സമയ ബയോമെട്രിക് നിരീക്ഷണം പ്രയോജനപ്പെടുത്താന്‍ പാടുള്ളു.
എഐയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാര സംവിധാനം നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 75 ലക്ഷം യൂറോ മുതല്‍ 3.5 കോടി യൂറോ വരെ പിഴ നല്‍കേണ്ടി വരുമെന്നും നിയമം നിര്‍ദ്ദേശിക്കുന്നു.

