കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിനു പൂട്ടിടാന്‍ കൂടുതല്‍ രാഷ്ട്രങ്ങള്‍; ഇന്ത്യയിലും ചര്‍ച്ചകള്‍ നടക്കുന്നു
കുട്ടികളുടെയും കൌമാരക്കാരുടെയും അതിരുകടന്ന സോഷ്യല്‍ മീഡിയ ഉപയോഗം ആഗോള വിപത്തായി മാറുന്നതായി ആശങ്കപ്പെടുന്നതിനിടയില്‍ കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണവുമായി രംഗത്തുവന്നു.
കുട്ടികളുടെ മാനസീകാരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി വിവിധ രാജ്യങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയാണ്.
പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
ലോകത്ത് ആദ്യമായി നിയമംകൊണ്ടുവന്ന് മാതൃക കാണിച്ചത് ഓസ്ട്രേലിയയാണ്. കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു നിയമമാക്കിയത്. മറ്റു ചിലരും ഇതേ പാത പിന്തുടര്‍ന്നു നിയമം കൊണ്ടുവരുവാനുള്ള പദ്ധതിയിലാണ്.
ഫ്രാന്‍സ് 15 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ബില്‍ പാസ്സാക്കിയെങ്കിലും ഉപരിസഭയായ സെനറ്റ് ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2027 ജനുവരി മുതല്‍ 15 വയസിനു താഴെയുള്ളവര്‍ക്ക് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക്ടോക്ക് തുടങ്ങിയവ നിരോധിക്കുവാനുള്ള നീക്കത്തിലാണ്.
പ്രായം പരിശോധിക്കുന്നതിനായി കിഡ്സ് വാലറ്റ് ആപ്പ് പുറത്തിറക്കാനുള്ള നീക്കത്തിലാണ്. ബ്രിട്ടനില്‍ 16 വയസിനു താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കുന്ന പുതിയ നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും.
തുര്‍ക്കി 15 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ. 15 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയായില്‍ സ്വന്തമായി അക്കൌണ്ട് ഉണ്ടാക്കുന്നതിനുള്ള വിലക്കുണ്ട്.
മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്റ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളും ഇത്തരം നിയന്ത്രണങ്ങള്‍ക്കുള്ള സാദ്ധ്യത തേടുന്നു.
ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ കുട്ടികള്‍ നേരിടുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നേരിടാന്‍ വിവിധ ലോകരാജ്യങ്ങളുടെ മാതൃക പിന്തുടരാനുള്ള ചര്‍ച്ചകള്‍ സജീവമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

