കാലാവസ്ഥാ വ്യതിയാനം: രാജ്യത്ത് 12 നഗരങ്ങള് വെള്ളത്തിനടിയിലാകുമെന്ന് പഠനം
ന്യൂഡെല്ഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി രാജ്യത്തെ 12 ഓളം നഗരങ്ങളില് മൂന്നടിയില് കൂടുതല് ജലം ഉയരാന് സാദ്ധ്യതയുണ്ടെന്ന് പഠനം.
ഇന്ത്യയില് സമുദ്ര നിരപ്പ് ഉയരാനും തീരദേശ മേഖലയില് നാശനഷ്ടമുണ്ടാക്കാനും സാദ്ധ്യതയെന്നും പോട്സ് ഡൈം ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ക്ളൈമറ്റ് ഇംപാക്ട് റിസര്ച്ച് ആന്ഡ് ക്ളൈമറ്റ് അനലക്റ്റിക്സ് നടത്തിയ പഠനത്തില് വ്യക്തമാക്കുന്നു.
ഭൂമദ്ധ്യരേഖയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇതെന്നും ഉയര്ന്ന അക്ഷാംശരേഖയിലുള്ള രാജ്യങ്ങളേക്കാള് ഇന്ത്യ കൂടുതല് വെല്ലുവിളികള് നേരിടേണ്ടി വരുമെന്നും റിപ്പോര്ട്ടില് പറയുന്നു.
കടല്വെള്ളം കരയിലേക്ക് കയറുന്നത് കൃഷി നാശത്തിനും ശുദ്ധജല ഗുണനിലവാരം കുറയ്ക്കാനും കാരണമാകുമെന്നും ജലത്തിലൂടെ പടരുന്ന രോഗങ്ങള് വര്ദ്ധിച്ചേക്കുമെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
2021-ലെ ഐപിസിസി റിപ്പോര്ട്ടില് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 12 തീരദേശ നഗരങ്ങള് മുങ്ങിയേക്കുമെന്ന് പരാമര്ശിച്ചിരുന്നു.
മുംബൈ, ചെന്നൈ, കൊച്ചി, വിശാഖപട്ടണം ഉള്പ്പെടെ നഗരങ്ങള് മൂന്നടിയിലേറെ വെള്ളത്തിലാകുമെന്നും ഐപിസിസി മുന്നറിയിപ്പു നല്കുന്നു.
സമുദ്ര നിരപ്പ് ഉയരുന്നതും കര ഒലിച്ച് പോകുന്നതും മൂലം 1500 ചതുരശ്ര കിലോമീറ്റര് ഭൂമി 2050 ഓടെ നഷ്ടമാകുമെന്നും റിപ്പോര്ട്ടില് പരാമര്ശിക്കുന്നു.
ബിഹാര്, ഹിമാചല്പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില് മഴമൂലമുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായേക്കാമെന്നും റിപ്പോര്ട്ടുകളുണ്ട്.

