ബഹിരാകാശ നിലയത്തില്‍ എലിയുടെ ഭ്രൂണം വളര്‍ത്താനുള്ള പരീക്ഷണം വിജയം; ലക്ഷ്യം ബഹിരാകാശത്ത് മനുഷ്യ കോളനി

ബഹിരാകാശ നിലയത്തില്‍ എലിയുടെ ഭ്രൂണം വളര്‍ത്താനുള്ള പരീക്ഷണം വിജയം; ലക്ഷ്യം ബഹിരാകാശത്ത് മനുഷ്യ കോളനി

Asia Breaking News Top News

ബഹിരാകാശ നിലയത്തില്‍ എലിയുടെ ഭ്രൂണം വളര്‍ത്താനുള്ള പരീക്ഷണം വിജയം; ലക്ഷ്യം ബഹിരാകാശത്ത് മനുഷ്യ കോളനി

ടോക്കിയോ: ബഹിരാകാശത്ത് മനുഷ്യ കോളനിയെന്ന ലക്ഷ്യത്തിലേക്ക് കടക്കാനുള്ള ശാസ്ത്രലോകത്തിന്റെ പരിശ്രമം വിജയത്തിലേക്ക്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എലിയുടെ ഭ്രൂണം വളര്‍ത്താനുള്ള പരീക്ഷണത്തില്‍ ഗവേഷകര്‍ വിജയം കണ്ടു.

നാലു ദിവസമാണ് പ്രത്യേക പരീക്ഷണ ശാലയില്‍ ഭ്രൂണം വളര്‍ത്തിയത്. സസ്തനികളുടെ ഭ്രൂണത്തിന്റെ വളര്‍ച്ചയെ ഗുരുത്വാകര്‍ഷണമില്ലായ്മ കാര്യമായി ബാധിക്കില്ലെന്ന സൂചനയാണ് ഗവേഷകര്‍ക്കു ലഭിച്ചത്.

ചൊവ്വായിലേക്കുള്ള ബഹിരാകാശ യാത്രികരെ ലക്ഷ്യമിട്ടായിരുന്നു പരീക്ഷണം. അവിടേക്കുള്ള യാത്രയ്ക്ക് ആറുമാസമെടുക്കും. അത്രയും നാള്‍ സാധാരണ ജീവിതം നയിക്കാന്‍ യാത്രികര്‍ക്കാകുമോ എന്നാണ് ജപ്പാനിലെ യമനാഷി സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ക്ക് അറിയേണ്ടിയിരുന്നത്.

ഭാവിയിലെ ബഹിരാകാശ കോളനികളിലെ ജീവിതവും അറിയേണ്ടതാണ്. ബഹിരാകാശത്ത് ജനിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച് അറിയാനും ഗവേഷകര്‍ക്ക് ആകാംഷയുണ്ട്.

ഭൂമിയില്‍നിന്നും ശേഖരിച്ച എലി ഭ്രൂണം മൈനസ് 95 ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ച ശേഷമാണ് ബഹിരാകാശത്തേക്കു കൊണ്ടുപോയത്. പിന്നീട് ഐഎസ്എസിലെ പ്രത്യേക കേന്ദ്രത്തില്‍ സൂക്ഷിച്ചു. നാലു ദിവസമാണ് ഭ്രൂണത്തെ വളരാന്‍ അനുവദിച്ചത്. (ഗര്‍ഭപാത്രത്തിനു പുറത്ത് എലി ഭ്രൂണത്തിനു നിലനില്‍ക്കാന്‍ കഴിയുക നാലു ദിവസം മാത്രമാണ്).

രാസ വസ്തുക്കള്‍ ഉപയോഗിച്ചു സംരക്ഷിച്ചശേഷം ഭൂമിയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. നാലു ദിവസം കൊണ്ട് എലി ഭ്രുണങ്ങളില്‍ സാധാരണ കോശങ്ങള്‍ വളര്‍ന്നെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഗുരുത്വാകര്‍ഷണമില്ലായ്മ ഭ്രൂണ വളര്‍ച്ചയില്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ലെന്നാണ് കണ്ടെത്തല്‍. എങ്കിലും മനുഷ്യരുടെ കാര്യത്തിലുള്ള പഠനത്തിനു ഇനിയും വര്‍ഷങ്ങളെടുക്കും.

നാമമാത്ര ഗുരുത്വാകര്‍ഷണം എല്ലുകളുടെ ശക്തിക്ഷയം, ഉയര്‍ന്ന റേഡിയേഷന്‍ തുടങ്ങിയ പ്രശ്നങ്ങളെയും സസ്തനികള്‍ക്കു ബഹിരാകാശത്ത് അതിജീവിക്കേണ്ടതുണ്ട്.