യഹൂദരുള്‍പ്പെട്ട നാസി ക്യാമ്പിലെ കൂട്ടക്കൊല: മുന്‍ ജീവനക്കാരിയായ 97 കാരിക്ക് തടവു ശിക്ഷ

യഹൂദരുള്‍പ്പെട്ട നാസി ക്യാമ്പിലെ കൂട്ടക്കൊല: മുന്‍ ജീവനക്കാരിയായ 97 കാരിക്ക് തടവു ശിക്ഷ

Breaking News Europe Middle East

യഹൂദരുള്‍പ്പെട്ട നാസി ക്യാമ്പിലെ കൂട്ടക്കൊല: മുന്‍ ജീവനക്കാരിയായ 97 കാരിക്ക് തടവു ശിക്ഷ

ബെര്‍ലിന്‍ ‍: ഹിറ്റ്ലറുടെ തേര്‍വാഴ്ചക്കാലത്ത് പതിനായിരത്തിലേറെപ്പേരുടെ കൂട്ടക്കൊലയില്‍ പങ്കാളിയെന്ന കുറ്റം ചുമത്തി നാസി തടങ്കല്‍ പാളയത്തിലെ മുന്‍ സെക്രട്ടറിക്കു രണ്ടു വര്‍ഷം തടവു ശിക്ഷ.

ഇംഗാഡ് ഫര്‍ച്ച്നര്‍ എന്ന 97 കാരിക്കാണ് ശിക്ഷ ലഭിച്ചത്. 18-ാം വയസ്സില്‍ സ്റ്റുത്തേഫിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ ടൈപ്പിസ്റ്റായി ജോലി ലഭിച്ചയാളാണ് ഫര്‍ച്ച്നര്‍ ‍. 1943 മുതല്‍ 1945 വരെ അവിടെ ജോലി ചെയ്തിരുന്നു.

നാസി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു വിചാരണ നേരിട്ട ചുരുക്കം സ്ത്രീകളിലൊരാളാണ് ഫര്‍ച്ച്നര്‍ ‍. ഇവര്‍ സാധാരണ തൊഴിലാളി ആയിരുന്നെങ്കിലും ക്യാമ്പില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇവര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നതായി കോടതി കണ്ടെത്തി.

യഹൂദന്മാരായ തടവുകാരും. യഹൂദേതര പോളീഷുകാരും, തടവിലാക്കപ്പെട്ട സോവിയറ്റ് സൈനികരും ഉള്‍പ്പെടെ 65,000 ആളുകള്‍ സ്റ്റുത്തേഫ് ക്യാമ്പില്‍ മരിച്ചതായി കരുതപ്പെടുന്നു.

അന്ന് കൌമാരപ്രാത്തില്‍ ആയിരുന്നതിനാല്‍ ഫര്‍ടച്ച്നറെ പ്രത്യേക ജുവനൈല്‍ കോടതിയിലായിരുന്നു വിചാരണ ചെയ്തത്.

ആധുനിക പോളിഷ് നഗരമായ ഡാന്‍സ്കിന് സമീപമുള്ള സ്റ്റുത്തേഫില്‍ തടവുകാരെ കൊലപ്പെടുത്താന്‍ വിവിധ രീതികള്‍ ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ‍.

1944 ജൂണ്‍ മുതല്‍ ആയിരക്കണക്കിനാളുകള്‍ ഗ്യാസ് ചേംബറുകളില്‍ വച്ചു മരിച്ചു. 2021 സെപ്റ്റംബറില്‍ വിചാരണ തുടങ്ങിയപ്പോള്‍ ഫര്‍ച്ച്നര്‍ അന്നു താമസിച്ചിരുന്ന റിട്ടയര്‍മെന്റ് ഹോമില്‍നിന്ന് ഒളിച്ചോടുകയായിരുന്നു.

പിന്നീട് ഹാംബര്‍ഗിലെ ഒരു തെരുവില്‍നിന്നു പോലീസ് കണ്ടെത്തുകയായിരുന്നു. സ്റ്റുത്തേഫ് ക്യാമ്പിന്റെ കമാന്‍ഡര്‍ ആയിരുന്ന പോള്‍ വെര്‍ണര്‍ ഹോപ്പിനെ 1955-ല്‍ ജയിലില്‍ അടച്ചിരുന്നു. അഞ്ച് വര്‍ഷത്തിനുസേഷം ഹോപ്പ് ജയില്‍ മോചിതനായി.

അന്ന് സ്റ്റുത്തേഫില്‍ ആയിരുന്നതില്‍ ഖേദിക്കുന്നുവെന്നു മാത്രമായിരുന്നു കോടതിയില്‍ ഫര്‍ച്ച്നറുടെ പ്രതികരണം.