ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ് പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും മന്ത്രി
തിരുവനന്തപുരം: ഒന്നുമുതല്‍ 8 വരെ ക്ളാസുകളിലെ കുട്ടികള്‍ക്കുള്ള ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ് പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
എ.പി. അനില്‍ കുമാറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും നിര്‍ത്തലാക്കാന്‍ പാടില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കുള്ള ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഇക്കൊല്ലം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം 20-7-2022 വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചത് പ്രകാരം ഫ്രഷ്/റിന്യുവല്‍ വിഭാഗങ്ങളിലായി ആകെ എട്ട് ലക്ഷത്തോളം അപേക്ഷകള്‍ ലഭിച്ചിരുന്നു.
എന്നാല്‍ 2009-ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ളാസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമായതിനാല്‍ 9,10 ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ പ്രസ്തുത സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
അതിന്റെ അടിസ്ഥാനത്തില്‍ 9,10 ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ മാത്രം വേരിഫൈ ചെയ്താല്‍ മതിയെന്നുള്ള അറിയിപ്പ് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് 29-11-2022-ല്‍ സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപടി തികച്ചും അനുചിതമാണെന്ന് മന്ത്രി പറഞ്ഞു.

