12-ാം ക്ളാസ് വരെയുള്ള സിലബസില്‍ ഭഗവത്ഗീത നിര്‍ബന്ധമാക്കി ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ്: ഇംഗ്ളീഷ് മീഡിയമടക്കം സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഭഗവത്ഗീത പഠനമുണ്ടാകുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിതു വഘാനിയ അറിയിച്ചു.
ആറാം ക്ളാസ് മുതല്‍ 12-ാം ക്ളാസ് വരെയുള്ള സ്കൂള്‍ സിലബസിലാണ് ഭഗവത്ഗീത നിര്‍ബന്ധമാക്കി ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിദ്യാഭ്യാസ ബജറ്റിന്റെ ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആത്മാഭിമാനവും നമ്മുടെ പാരമ്പര്യവും ആചാരങ്ങളുമായുള്ള ബന്ധവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാണ് ഈ തിരുമാനമെന്നാണ് സര്‍ക്കാരിന്റെ വാദം. കഥകളുടെയും ശ്ളോകങ്ങളുടെയും രൂപത്തിലായിരിക്കും ഗീത സിലബസില്‍ ഉള്‍പ്പെടുത്തുക എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
ഒമ്പതാം ക്ളാസ് മുതല്‍ ഇതിന്റെ വിശദാംശങ്ങള്‍ പഠിപ്പിച്ച് തുടങ്ങും. ഭഗദവത്ഗീത പഠിപ്പിക്കാനുള്ള ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ഗുജറാത്ത് സര്ക്കിരിനുതന്നെ ഗീതയില്‍നിന്നും പലതും പഠിക്കാനുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഹേമന്ദ് റാവല്‍ പറഞ്ഞു.
സ്കൂളിലെ പ്രാര്‍ത്ഥനകളിലും ഭഗവത് ഗീതയിലെ ശ്ളോകങ്ങള്‍ ഉള്‍പ്പെടുത്തും. ഭഗവത് ഗീതയെ അടിസ്ഥാനമാക്കി ശ്ളോകം ചൊല്ലല്‍ , ചിത്ര രചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളും സ്കൂളുകളില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

