പാക്കിസ്ഥാനില്‍ ക്രൈസ്തവ ആരാധനാലയവും വീടുകളും ഇടിച്ചു നിരത്തി

പാക്കിസ്ഥാനില്‍ ക്രൈസ്തവ ആരാധനാലയവും വീടുകളും ഇടിച്ചു നിരത്തി

Breaking News Global

പാക്കിസ്ഥാനില്‍ ക്രൈസ്തവ ആരാധനാലയവും വീടുകളും ഇടിച്ചു നിരത്തി

ഇസ്ളാമബാദ്: പാക്കിസ്ഥാന്റെ തലസ്ഥാന നഗരിയായ ഇസ്ളാമബാദില്‍ ക്രൈസ്തവരുടെ ആരാധനലായവും വീടുകളും സര്‍ക്കാരിന്റെ അനുമതിയോടുകൂടി ഇടിച്ചു നിരത്തി.

ഇതേത്തുടര്‍ന്ന് 200-ഓളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഭവന രഹിതരായി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യാപിറ്റല്‍ ഡവലപ്മെന്റ് അതോറിട്ടി ഇസ്ളാമബാദിലെ നവാസ് ഷെരിഫ് കോളനിയിലെ ക്രൈസ്തവരുടെ ഏരിയയില്‍ നടത്തിയ കുടിയൊഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായാണ് ആരാധനാലയവും വീടുകളും ഇടിച്ചു നിരത്തിയതെന്ന് യു.കെ. ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ് അസ്സിസ്റ്റന്‍സ് ആന്‍ഡ് സെറ്റില്‍മെന്റ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് പാക്കിസ്ഥാനിലെ പൌരന്മാരായ ക്രൈസ്തവരോട് ക്രൂരത കാട്ടിയതെന്ന് സംഘടന ആരോപിക്കുന്നു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ ആള്‍നഷ്ടം ഉണ്ടാകുകയോ ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച ആരാധന നടത്തേണ്ട സഭാഹാളാണ് ഇടിച്ചു നിരത്തിയതെന്നും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം സംവിധാനങ്ങള്‍ ഒന്നും ചെയ്തില്ലെന്നും പരാതിയുണ്ട്.

വര്‍ഷങ്ങളായി ഇവര്‍ ഈ കോളനിയിലാണ് താമസിക്കുന്നത്. തങ്ങളുടെ ജീവിതവും അദ്ധ്വാനവും സമര്‍പ്പിച്ച് പടുത്തുയര്‍ത്തിയ വീടുകള്‍ തകര്‍ത്തു തരിപ്പണമാക്കിയെന്നും ക്രൈസ്തവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടെന്നും സംഘടനാ ഡയറക്ടര്‍ നാസിര്‍ സായിദ് പറഞ്ഞു.

പാക്കിസ്ഥാനെ പിടിച്ചുലച്ച മഹാമാരിക്കുശേഷം മഞ്ഞുകാലം ആരംഭിച്ചതോടുകൂടിയാണ് സര്‍ക്കാര്‍ അനുവാദ കിരാത നടപടിയെന്നും സായിദ് പറഞ്ഞു.

മണ്‍സൂണ്‍ മഹാമാരിയിലും വെള്ളപ്പൊക്കത്തിലും പാക്കിസ്ഥാനില്‍ 1700 പേരോളം മരിച്ചിരുന്നു. ആയിരക്കണക്കിനു വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഏകദേശം 40 ബില്യണ്‍ ഡോളര്‍ നാശനഷ്ടമുണ്ടായതായി കണക്കുകളുണ്ട്.

ഇപ്പോള്‍ പാക്കിസ്ഥാനില്‍ രൂക്ഷമായ സാമ്പത്തിക മാന്ദ്യം കൂടിയുളളതിനാല്‍ ക്രൈസ്തവര്‍ക്ക് നഷ്ടപ്പെട്ട വീടുകള്‍ക്കു പകരം സംവിധാനമൊരുക്കാന്‍ സര്‍ക്കാരിനു സാമ്പത്തിക ശേഷിയുണ്ടോ എന്നും ഇവര്‍ ഭയക്കുന്നു.