അനാവശ്യ ഫോണ്‍ വിളികള്‍ ഇനി ഉണ്ടാകില്ല; പുതിയ സംവിധാനം വരുന്നു
ന്യൂഡെല്‍ഹി: അനാവശ്യ ഫോണ്‍ വിളികളും മെസേജുകളും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).
രജിസ്റ്റര്‍ ചെയ്യാത്ത ടെലി മാര്‍ക്കറ്റുകളില്‍ നിന്നുള്ള സ്പാം സന്ദേശങ്ങളും ഫോണ്‍ വിളികളും സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് ട്രായിയുടെ ശക്തമായ ഇടപെടല്‍ .
കൃത്രിമ ബുദ്ധി, മെഷീന്‍ ലേണിങ് ടെക്നോളജി, സ്പാം ഡിറ്റക്റ്റ് സിസ്റ്റം തുടങ്ങിയ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ട്രായ് നടപടികള്‍ സ്വീകരിക്കുക.
ഇത്തരം ഫോണ്‍ വിളികളും സന്ദേശങ്ങളും വ്യാപകമായ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് പ്രതിരോധിക്കാന്‍ ട്രായ്, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ഉപഭോക്തൃകാര്യമന്ത്രാലയം എന്നിവ ചേര്‍ന്ന് സംയുക്ത പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുവാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
2018-ലെ നിയന്ത്രണ ചട്ടത്തിന്റെ ഭാഗമായി ബ്ളോക് ചെയിന്‍ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഡിസ്റ്റര്‍ബ്ഡ് ലെഡ്ജര്‍ ടെക്നോളജി (ഡിഎല്‍ടി) സംവിധാനം കര്‍ശനമാക്കും.
എല്ലാ വാണിജ്യ സ്ഥാപനങ്ങളും ടെലിമാര്‍ക്കറ്റുകാരും ഡിഎല്‍ടിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ഫോണ്‍ വിളിക്കാനും സന്ദേശമയയ്ക്കാനും ഉപഭോക്താവിന്റെ അനുമതി വാങ്ങുകയും വേണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.

