ദിവസവും പതിനായിരം ചുവടുകള്‍ നടന്നാല്‍ അകാല മരണം ഒഴിവാക്കാം
നടത്തം ശരീരത്തിന്റെ ആയുസ്സിനെ ബാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. നിത്യവും നടക്കുന്നത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്നും പുതിയ പഠനം പറയുന്നു.
ദിവസം പതിനായിരം ചുവടുകളെങ്കിലും നടക്കുന്നവര്‍ക്ക് മറവി രോഗം, കാന്‍സര്‍ എന്നിവ പിടിപെടാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കുമെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുറത്തിറക്കുന്ന ജാമാ ഇന്റേണല്‍ മെഡിസിന്‍ , ജാമാ ന്യൂറോളജി എന്നീ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രിട്ടനിലെ 40-നും 79-നും ഇടയില്‍ പ്രായമുള്ള 78,500 ആളുകളില്‍ നടത്തിയ പഠനത്തിലാണ് നടത്തം ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് പറയുന്നത്. യു.കെ. ബയോബാങ്കില്‍ നിന്നുള്ള ഡേറ്റാ ഉപയോഗിച്ചാണ് പഠനം നടത്തിയത്.
ഇതനുസരിച്ച് ഒരു ദിവസം 3800 ചുവടുകള്‍ വെയ്ക്കുന്നവര്‍ക്ക് മറവി രോഗം വരാനുള്ള സാദ്ധ്യത 25 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നും മനസിലായി.
അകാലമരണത്തെയും തടയാന്‍ നടത്തം കൊണ്ടു കഴിയും. ദിവസം ഓരോ 2000 ചുവടുകള്‍ വെയ്ക്കുമ്പോഴും അകാല മരണ സാദ്ധ്യത എട്ട് മുതല്‍ 11 ശതമാനം വരെ കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി.

