എറിത്രിയ: ക്രിസ്തുവിനുവേണ്ടി ത്യാഗം സഹിച്ച് 98 പേര് അഴിക്കുള്ളില്‍
അസ്മാര: എറിത്രിയയില്‍ ക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിച്ച് കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട 98 പേര് ജയിലില്‍ നരകയാതന അനുഭവിക്കുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ തലസ്ഥാന നഗരിയായ അസ്മാരയിലെ ഗോഡായിഫ് ജില്ലയിലെ ഒരു ഹൌസ് ചര്‍ച്ചില്‍ എറിത്രിയന്‍ ഭരണകൂട ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് 98 പേര് അറസ്റ്റിലായത്.
കര്‍ത്താവിനെ ആരാധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉദ്യോഗസ്ഥ സംഘം കടന്നുവന്ന് പരിശോധന നടത്തുകയായിരുന്നു. നൂറില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നു അപ്പോള്‍ .
എല്ലാവരെയും കസ്റ്റഡിയില്‍ എടുത്തുവെങ്കിലും പിന്നീട് ചില സ്ത്രീകളെയും കുട്ടികളെയും വിട്ടയയ്ക്കുകയായിരുന്നു.
എന്നാല്‍ ബാക്കിയുള്ള 98 പേരെ സേര്വ ജയിലില്‍ അടയ്ക്കുകയായിരുന്നു. അവര്‍ ഇപ്പോഴും അഴിക്കുള്ളില്‍ കഴിയുകയാണ്.
ഇതുപോലെ 300 വിശ്വാസികള്‍ ജയിലില്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ . ഇവര്‍ പെന്തക്കോസ്തു വിഭാഗങ്ങളും സുവിശേഷ വിഹിത സഭക്കാരുമാണ്.
2002 മെയ് മാസത്തില്‍ സര്‍ക്കാര്‍ സുന്നി മുസ്ളീം, എറിത്രിയന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ , റോമന്‍ കത്തോലിക്ക, ലുഥറണ് ചര്‍ച്ച് എന്നീ വിഭാഗങ്ങളിലൊഴികെയുള്ളവരുടെ ആരാധനകളും മറ്റ് സുവിശേഷ പ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.
എന്നിട്ടും കര്‍ത്താവിങ്കലേക്കു കടന്നു വരുന്നവരുടെ എണ്ണം കൂടുകയാണ്. ഒപ്പം അടിച്ചമര്‍ത്തലുകളും വര്‍ദ്ധിക്കുന്നു. രാജ്യത്തിന്റെ ശത്രുക്കള്‍ എന്ന പേര് ചാര്‍ത്തിയാണ് വിശ്വാസികളെ പീഢിപ്പിക്കുന്നത്.
ചില വിശ്വാസികളെ പഴയ കപ്പല്‍ കണ്ടെയ്നറുകളിലാക്കിയാണ് തടവു ശിക്ഷ നടപ്പാക്കുന്നത്. കഠിനമായ ചൂട് സഹിക്കാതെ നരകയാതന അനുഭവിക്കുകയാണ് ഇത്തരം താല്‍ക്കാലിക തടവറകളില്‍ വിശ്വാസികള്‍ .
ദൈവമക്കള് ശക്തിയായി പ്രാര്‍ത്ഥിക്കുക.

