ഗര്‍ഭാശയ ക്യാന്‍സറിനുള്ള വാക്സിന്‍ ഇന്ത്യന്‍ വിപണിയിലേക്ക്
ന്യൂഡെല്‍ഹി: ഗര്‍ഭപാത്രത്തെ ബാധിക്കുന്ന ക്യാന്‍സറിനുള്ള വാക്സിന്‍ ഇന്ത്യന്‍ വിപണിയിലേക്ക്.
ഒരു ഡോസിന് 200 രൂപാ മുതല്‍ 400 രൂപാ വരെ വിലയാണ്. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. ദ്വരെദാര്‍ പുനെവാല അറിയിച്ചു. 80 മുതല്‍ 95 ശതമാനം വരെയാണ് വാക്സിന്റെ ഫലപ്രാപ്തിയെന്നും ആദ്യം ഇന്ത്യയിലായിരിക്കും വാക്സിന്‍ വിതരണം ചെയ്യുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
9 മുതല്‍ 14 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളില്‍ രണ്ട് ഡോസ് വാക്സിന്‍ കുത്തിവയ്ക്കണം. വാക്സിനേഷന്‍ വിജയമായാല്‍ അടുത്ത മുപ്പത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗികളാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഗര്‍ഭാശയ ക്യാന്‍സര്‍ കേസുകളില്‍ അഞ്ചിലൊന്നും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഒരു വര്‍ഷം 1.23 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സറുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ഗര്‍ഭാശയ ക്യാന്‍സറിനുള്ളത്. 15 മുതല്‍ 44 വയസ് വരെ പ്രായമുള്ള സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നത്.

