പ്രകൃതിയെ നിയന്ത്രിക്കുന്ന ദൈവം

പ്രകൃതിയെ നിയന്ത്രിക്കുന്ന ദൈവം

Articles Breaking News Editorials

പ്രകൃതിയെ നിയന്ത്രിക്കുന്ന ദൈവം

പ്രകൃതിയുടെ പൊതുസ്വഭാവത്തിനു മാറ്റം വരുത്തുവാന്‍ മനുഷ്യര്‍ പണ്ടുമുതലേ ശ്രമം നടത്തി വരുന്നു. തങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍ മഴ വേണം, സൌകര്യംപോലെ വെയിലു വേണം, മഞ്ഞുവേണം ഇതെല്ലാം എല്ലാവരും ആഗ്രഹിക്കുന്ന വലിയ കാര്യങ്ങളാണ്.

മനുഷ്യന്റെ സ്വര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാത്രം പ്രകൃതി കനിയണമെന്ന് ആഗ്രഹിക്കുന്നത് പലപ്പോഴും ദൈവത്തിനു വിരോധമായി പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയാണെന്നതും ശ്രദ്ധേയമാണ്.

വിഗ്രഹങ്ങളെ ആരാധിക്കുവാനും ഉത്സവങ്ങളും, പെരുന്നാളുകളുമൊക്കെ സംഘടിപ്പിക്കുവാന്‍ കാലാവസ്ഥ അനുകൂലമാകണമല്ലോ. പക്ഷേ ദൈവം ഇതെല്ലാം വെറുക്കുന്നു.

മനുഷ്യന്റെ അകൃത്യങ്ങള്‍ പരിധി വിടുമ്പോള്‍ ദൈവം പലപ്പോഴും ശിക്ഷിക്കുന്നുമുണ്ട്. അഖിലാണ്ഡത്തെ സൃഷ്ടിച്ച യഹോവയായ ദൈവം പ്രകൃതിയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ദൈവം തീരുമാനിക്കണം മഴവേണോ, വെയിലുവേണോ, മഞ്ഞുവേണോ, കാറ്റുവേണോ എന്ന്. അതുപോലെ ഇതൊക്കെ വേണ്ടാ എന്നും തീരുമാനിക്കുവാനുള്ള അധികാരം ദൈവത്തിനുണ്ട്.

ബൈബിള്‍ ദൈവത്തിന്റെ പ്രവൃത്തി വ്യക്തമാക്കുന്നു. “അവന്‍ തന്റെ ശക്തിയാല്‍ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താല്‍ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താല്‍ ആകാശത്തെ വിരിച്ചു, അവന്‍ തന്റെ നാദം പുറപ്പെടുവിക്കുമ്പോള്‍ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു.

ഭൂമിയുടെ അറ്റങ്ങളില്‍നിന്നും അവന്‍ ആവി കയറ്റുന്നു, മഴയ്ക്കു മിന്നല്‍ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തില്‍നിന്നു കാറ്റു പുറപ്പെടുവിക്കുന്നു”. (യിരെ.10:12,13). ഭൂപ്രകൃതിയുടെ കിടപ്പനുസരിച്ചാണ് ദൈവം കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. അതായത് സമയത്ത് മനുഷ്യ വര്‍ഗ്ഗത്തിന് അനുയോജ്യമായ രീതിയില്‍ മഞ്ഞും, മഴയും, വെയിലുമൊക്കെ നല്‍കുന്നു.

കൃഷികള്‍ക്ക് നിലം ഒരുക്കുവാനും, വിതപ്പാനും, വിളവെടുപ്പാനുമൊക്കെ അനുയോജ്യമായ രീതിയിലാണ് ദൈവം പ്രകൃതിയെ ഒരുക്കിയിരിക്കുന്നത്. ഈ സത്യം മറന്നുകൊണ്ട് തങ്ങളുടെ ഇംഗീതത്തിനനുയോജ്യമായി പ്രകൃതിയെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നു.

മഴലഭിക്കുന്നതിനായി തവളക്കല്യാണവും, മൃഗബലി അര്‍പ്പിക്കലും മറ്റു ഹീനകൃത്യങ്ങളുമൊക്കെ നമ്മുടെ വടക്കേ ഇന്ത്യയില്‍ പലപ്പോഴും നടക്കുന്നതായി വാര്‍ത്ത വരാറുണ്ട്. ദേവന്മാരേയും ദേവതകളേയും പ്രീതിപ്പെടുത്തി കാലാവസ്ഥ അനുയോജ്യമാക്കുവാന്‍ വര്‍ഷംതോറും പ്രത്യേക കര്‍മ്മങ്ങളും നടത്താറുണ്ട്.

ഒരു കാര്യം മനുഷ്യര്‍ ഓര്‍ക്കുന്നത് നന്ന്. ദൈവം എല്ലാ മനുഷ്യരേയും സ്നേഹിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തിനനുയോജ്യമായ കാലാവസ്ഥ സാധ്യമാക്കിത്തന്നത് ദൈവമായ യഹോവയാണ്. ഈ അനുഗ്രഹം നാം അനുഭവിക്കുമ്പോള്‍ത്തന്നെ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് നമ്മുടെ കടമയാണ്.

അതിനു പ്രത്യേക ദിനങ്ങളോ, സമയങ്ങളോ, മുഹൂര്‍ത്തങ്ങളോ ഇല്ല. പ്രകൃതി കനിയുന്ന അവസരം നാം സന്തോഷത്തോടെ സ്വീകരിക്കുക. ദൈവത്തെ മഹത്വപ്പെടുത്തുക.

മറിച്ച് ദൈവത്തെ മറന്ന് ദൈവത്തിനു വിരോധമായി പ്രവര്‍ത്തിച്ചാല്‍ ദൈവം ന്യായവിധിക്കായി പ്രകൃതിയെത്തന്നെ ഉപയോഗിച്ചെന്നുവരും. പ്രകൃതിയുടെ താളം തെറ്റിക്കും. അതിനു നമ്മുടെ നാട് സാക്ഷിയാകാതിരിക്കട്ടെ.
പാസ്റ്റര്‍ ഷാജി. എസ്.