ക്രൈസ്തവ വേട്ടയാടല്‍ ഇല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
ന്യൂഡെല്‍ഹി: രാജ്യത്ത് ചിലയിടങ്ങളില്‍ ക്രൈസ്തവ വേട്ടയാടല്‍ നടക്കുന്നുവെന്ന ആരോപണം തള്ളി ആഭ്യന്തര മന്ത്രാലയം.
വ്യാജ വാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.
വിദേശത്തുനിന്ന് സഹായം ലഭിക്കുന്നതിനാകാം ഇത്തരം ആരോപണവുമായി സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയിലെ ആരോപണം.
രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗളുരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പി. വേണുക്കുട്ടന്‍ നായരാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന ആക്രമണങ്ങളില്‍ പലതും വര്‍ഗീയമായ ആക്രമണങ്ങളല്ലെന്നാണ് വാദം.
ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഓഗസ്റ്റ് 26-ലേക്ക് മാറ്റി.

