യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച ഇവ ഷിലോസ് വിടവാങ്ങി
ലണ്ടന്‍: നാസിയുടെ യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച ഇവ ഷിലോസ് അന്തരിച്ചു. ലണ്ടനില്‍ താമസിക്കുന്ന ഇവര്‍ക്ക് 96 വയസ്സായിരുന്നു.
ഓഷ്വിറ്റ്സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍നിന്നും രക്ഷപെട്ട ഇവ പിന്നീട് ഹോളികോസ്റ്റ് ഭീകരതയും ക്രൂരതകളും നേരിട്ട ദുരനുഭവങ്ങള്‍ ലോകത്തോടു വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്നാണ് പ്രശസ്തയായത്.
പ്രശസ്തമായ ആന്‍ ഫ്രാങ്കിന്റെ ഡയറിയെഴുതിയ ആന്‍ഫ്രാങ്കിന്റെ കളിക്കൂട്ടുകാരിയാണ്. ആന്‍ ഫ്രാങ്ക് ട്രസ്റ്റ് യു.കെ.യുടെ ഓണററി പ്രസിഡന്റായിരുന്നു.
1929-ല്‍ വിയന്നയില്‍ ഇവ ഗെയ്റിങ്ങര്‍ എന്ന പേരില്‍ ജനിച്ചു. ഹിറ്റ്ലറുടെ നാസി പട രാജ്യം പിടിച്ചപ്പോള്‍ ഇവ ഒരു കൊച്ചു കുട്ടിയായിരുന്നു. കുടുംബത്തോടൊപ്പം നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാമിലേക്ക് പാലായനം ചെയ്തു.
നാസികള്‍ നെതര്‍ലാന്‍ഡ്സ് പിടിച്ചടക്കിയപ്പോള്‍ ഫ്രാങ്ക് കുടുംബത്തോടൊപ്പം ഇവയുടെ കുടുംബവും രണ്ടു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞു. എന്നാല്‍ എല്ലാവരെപ്പോലെ ഇവരും ഒറ്റിക്കൊടുക്കപ്പെട്ടു.
തുടര്‍ന്നു ഓഷ്വിറ്റസ് മരണ ക്യാമ്പിലേക്ക് അയയ്ക്കപ്പെട്ടു.
1945-ല്‍ സോവിയറ്റ് സേന ക്യാമ്പ് മോചിപ്പിക്കുന്നതുവരെ ഇവയും അമ്മയും ആ ഭീകര ക്യാമ്പില്‍ കഴിയേണ്ടിവന്നു. ഇവയുടെ അച്ചന്‍ സഹോദരന്‍ എന്നിവര്‍ ക്രൂരമായി കൊല്ലപ്പെട്ടു.
യുദ്ധത്തിനുശേഷം ബ്രിട്ടനിലേക്കു കുടിയേറി. ജര്‍മ്മര്‍ അഭയാര്‍ത്ഥിയായ സ്വി ഷിലോസിനെ വിവാഹം കഴിച്ചു ലണ്ടനില്‍ സ്ഥിര താമസമാക്കി. ദശകങ്ങളോളം ഇവ തന്റെ അനുഭവങ്ങളേക്കുറിച്ച് പരസ്യമായി സംസാരിച്ചിരുന്നില്ല. പിന്നീട് മനസ്സു തുറന്നു.
ഭര്‍ത്താവ് 2016-ല്‍ അന്തരിച്ചു. ദമ്പദികള്‍ക്ക് മൂന്നു പെണ്‍മക്കളും കൊച്ചുമക്കളും അവരില്‍ പേരക്കുട്ടികളുമുണ്ട്.

