കോവിഡ് വന്നുപോയവരുടെ തലച്ചോറ് ചുരുങ്ങും, ചിന്താശേഷിയെ ബാധിച്ചേക്കാമെന്നും പഠനം
കോവിഡിനെ അത്ര ഭയക്കേണ്ടതില്ല എന്നുള്ള പ്രചാരണത്തിനിടയിലും മൂന്നാം തരംഗത്തില്‍ വൈറസ് ബാധിക്കാത്തവര്‍ കുറവാണെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്.
കോവിഡ് വന്നുപോയവര്‍ ഇത് അത്ര നിസ്സാരക്കാരനായ പനി അല്ലെന്ന് ഉറപ്പിച്ചു പറയുകയാണ്. ശക്തമായ ശരീര വേദന, പനി, ജലദോഷം, രുചിയും മണവും നഷ്ടപ്പെടുക ഇങ്ങനെ പല പ്രശ്നങ്ങളാണ് കോവിഡ് ബാധിതരായവരുടെ ശരീരത്തില്‍ സംഭവിക്കുന്നത്.
കോവിഡ് നെഗറ്റീവ് ആയാലും പലര്‍ക്കും ബുദ്ധിമുട്ടുകള്‍ പല രീതിയിലും തുടര്‍ന്നിരുന്നു. കോവിഡിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് ചെറുതായി വന്നുപോയവരില്‍പോലും തലച്ചോറിനെയും ചിന്താശേഷിയെയും ബാധിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
കോവിഡ് ബാധിച്ച് മാസങ്ങള്‍ക്കുശേഷം അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും മാനസികമായ പ്രശ്നങ്ങള്‍ക്കും ഇടയാകുമെന്നുമാണ് ജേര്‍ണല്‍ നേച്ചര്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ വ്യക്തമാക്കുന്നത്.
വാര്‍ദ്ധക്യത്തില്‍ സാധാരണയായി മനുഷ്യരുടെ തലച്ചോറ് ചുരുങ്ങാറുണ്ട്. അതേ അവസ്ഥ കോവിഡ് മൂലമുണ്ടാകാമെന്നും പഠനത്തില്‍ മുന്നറിയിപ്പു നല്‍കുന്നു. മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടാമെന്നും പഠനത്തില്‍ പറയുന്നു.
കേന്ദ്ര നാഡീവ്യവസ്ഥയെ വൈറസ് കാര്യമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ വെല്‍കം സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റീവ് ന്യൂറോ ഇമേജിംഗില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ഡിമെന്‍ഷ്യ പോലുള്ള അവസ്ഥകള്‍ക്ക് ഇത് കാരണമാകാമെന്നും പറയുന്നു.

