അമേരിക്കയിലെ വര്‍ണ്ണവെറിയ്ക്കെതിരെ 3,000 പാസ്റ്റര്‍മാര്‍ മാര്‍ച്ച് നടത്തി

Breaking News Top News USA

അമേരിക്കയിലെ വര്‍ണ്ണവെറിയ്ക്കെതിരെ 3,000 പാസ്റ്റര്‍മാര്‍ മാര്‍ച്ച് നടത്തി
വാഷിംഗ്ടണ്‍ ‍: അമേരിക്കയില്‍ വെള്ളക്കാരുടെ വര്‍ണ്ണവെറിയ്ക്കെതിരെ 3,000 ത്തോളം പാസ്റ്റര്‍മാരും ക്രൈസ്തവ നേതാക്കളും പങ്കെടുത്ത വന്‍ പ്രതിഷേധ റാലി നടന്നു. ആഗസ്റ്റ് 28-ന് തിങ്കളാഴ്ച അമേരിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ 54-ാമത് ചരമ വാര്‍ഷിക ദിനത്തില്‍ വാഷിംഗ്ടണ്‍ പട്ടണത്തെ പിടിച്ചു കുലുക്കിക്കൊണ്ടാണ് മാര്‍ച്ച് നടന്നത്.

 

സമീപ കാലത്തായി വെള്ളക്കാര്‍ കറുത്ത വര്‍ഗ്ഗക്കാരായ അമേരിക്കന്‍ പൌരന്മാരോടും വിദേശ പൌരന്മാരോടും കാട്ടുന്ന കടുത്ത വര്‍ണ്ണവെറിയ്ക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. കൂടാതെ കഴിഞ്ഞ മാസം ആദ്യം വെര്‍ജീനിയായിലെ ചാര്‍ലോട്ടസ് വില്ലയില്‍ നടന്ന വെള്ളക്കാരുടെ അതിക്രമത്തിനെതിരെയും കൂടിയായിരുന്നു പ്രതിഷേധ പ്രകടനം.

 

ആഫ്രിക്കന്‍ ‍- അമേരിക്കന്‍ പൌരത്വമുള്ള റവ. അല്‍ഷാര്‍പ്ടണ്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ ആക്ഷന്‍ നെറ്റ് വര്‍ക്ക് എന്ന സംഘടനയുടെ എന്ന സംഘടനയുടെ കീഴിലായിരുന്നു ബാനറുകളും പ്ളേക്കാര്‍ഡുകളും പിടിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും, പാസ്റ്റര്‍മാരും, ക്രൈസ്തവ നേതാക്കളും അണി നിരന്ന കൂറ്റന്‍ റാലി നടന്നത്.

 
പ്രമുഖ സന്നദ്ധ പ്രവര്‍ത്തകനും പാസ്റ്ററുമായ റവ. ജിം വാല്ലിസ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പ്രസംഗിച്ചു. അമേരിക്കയുടെ ഇപ്പോഴത്തെ യഥാര്‍ത്ഥ പാപം വര്‍ണ്ണവിവേചനമാണെന്നും ഇതിനെതിരെ രാജ്യത്ത് എല്ലായിടങ്ങളിലും ശക്തമായ കാമ്പെയ്നുകള്‍ സംഘടിപ്പിക്കുമെന്നും പാസ്റ്റര്‍ ജിം വാല്ലിസ് പ്രസംഗത്തില്‍ പറഞ്ഞു. ഇത് നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്.

 

വെള്ളക്കാരുടെ സര്‍വ്വാധിപത്യം അവസാനിപ്പിക്കുക മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ചില്‍ ആയിരങ്ങള്‍ അണി നിരന്നത്. ക്രൈസ്തവ നേതാക്കളെ കൂടാതെ ചില ന്യൂനപക്ഷ വിഭാഗങ്ങളും പ്രതിഷേധത്തില്‍ അണി നിരന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ മെമ്മോറിയല്‍ ഡിപ്പാര്‍ട്ട്മെന്റ് പരിസരത്തുനിന്നും ആരംഭിച്ച  1.7 മൈല്‍ പിന്നിട്ടാണ് വാഷിംഗടണ്‍ നഗര ഹൃദയത്തില്‍ അവസാനിച്ചത്.

 

ലോകത്ത് വിവിധ രാജ്യങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങളും, വര്‍ണ്ണവിവേചനവും, അസഹിഷ്ണതയും, ജനാധിപത്യ ധ്വംസനങ്ങളും ഒക്കെ നടക്കുന്നുവെന്നാരോപിച്ച് അവിടങ്ങളിലെ ഭരണ കാര്യങ്ങളില്‍ ഇടപെടുകയും ഭരണ കൂടങ്ങളെ അട്ടിമറിക്കുകയും അവര്‍ക്കെതിരെ യുദ്ധം നടത്തുകയും ചെയ്യുന്ന അമേരിക്ക സ്വന്തം രാജ്യത്തെ പൌരന്മാരോട് കാട്ടുന്നത് ലോകം കാണുകയാണ്.

2 thoughts on “അമേരിക്കയിലെ വര്‍ണ്ണവെറിയ്ക്കെതിരെ 3,000 പാസ്റ്റര്‍മാര്‍ മാര്‍ച്ച് നടത്തി

Leave a Reply

Your email address will not be published.