ലോകത്തിലെ ഏറ്റവും ആരോഗ്യവാന്മാരായ കുട്ടികള്‍ ജപ്പാനികളെന്ന് പഠനം
ടോക്കിയോ: ലോകത്തിലെ ഏറ്റവും ആരോഗ്യവാന്മാരായ കുട്ടികള്‍ ജപ്പാനിലാണെന്ന് പഠനം. ആഗോള തലത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ദി ലാന്‍ സെറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജപ്പാന്‍ കുട്ടികളുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും കാരണമായി കണക്കാക്കുന്നത് ഇവിടത്തെ ആഹാര ശൈലിതന്നെയാണ്. ആഗോള തലത്തില്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നമായ അമിതവണ്ണം, കൊളസ്ട്രോള്‍ അടക്കമുള്ളവ വര്‍ദ്ധിക്കുമ്പോള്‍ ഇവിടെ അത്തരം കുഴപ്പങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ടോക്കിയോ സ്വദേശിയും പ്രമുഖ എഴുത്തുകാരിയുമായ നവോമി മോറിയാമചും, ഭര്‍ത്താവ് വില്യം ഡോയ്ലിയും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍ . നവോമി നിരവധി ശാസ്ത്രജ്ഞന്മാര്‍ , ഡോക്ടര്‍മാര്‍ , ഗവേഷകര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പോഷണം ഏറെ നിറഞ്ഞ ഭക്ഷണമാണ് ജപ്പാനില്‍ എത്തുന്നത്. ശരീരത്തിന് അത്യാവശ്യമായ എല്ലാ പോഷണവും ഇതില്‍നിന്നു ലഭിക്കുന്നു.
പച്ചക്കറി, പഴങ്ങള്‍ , ധാന്യങ്ങള്‍ എന്നിവയെല്ലാം നിറഞ്ഞ ആഹാരമാണ് ഇവിടത്തെ ഭക്ഷണത്തിലൂടെ ലഭിക്കുന്നത്. ഇതിനു പുറമേ ഒമേഗ 3 ധാരാളം അടങ്ങിയിരിക്കുന്ന മത്സ്യവും കഴിക്കുന്നതിനാല്‍ നല്ല ഹൃദയവും കാഴ്ചയുമാണിവര്‍ക്കുള്ളത്. ജംഗ് ഫുഡ് ആയ പാസ്ത, ബ്രെഡ് എന്നിവയേക്കാള്‍ ഇവര്‍ ഉപയോഗിക്കുന്നതും അരിയാഹാരമാണ് എന്നതും മറ്റൊരു കാരണാണ്.
ജപ്പാനിലെ പ്രത്യേക തരം അരിയാണെന്നും പഠന റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ ജപ്പാനിലെ സ്കൂള്‍ കുട്ടികള്‍ ഭൂരിപക്ഷവും നടന്നും, സൈക്കിള്‍ ചവിട്ടിയുമാണ് സ്കൂളില്‍ പോകുന്നത്. ഇതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യത്ത് ആരോഗ്യകരമായ ജീവിതം നയിക്കുന്നവര്‍ ശരാശരി 74.5 വര്‍ഷമാണ്. രണ്ടാം സ്ഥാനത്ത് ആസ്ട്രേലിയയാണ്.