ക്രിസ്തുവിശ്വാസത്തിലേക്കു വന്ന ഇറാന്‍കാരി 5 വര്‍ഷംകൊണ്ടു നേടിയത് 1,500 മുസ്ളീങ്ങളെ
ഒരു വ്യക്തി ക്രിസ്തുവിങ്കലേക്കു വരുന്നത് ഇന്നത്തെക്കാലത്ത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം സാഹചര്യങ്ങള്‍ , സാത്താന്‍ ജനത്തെ തടയുന്നത്, ചിലരുടെ പിടിവാശി, ഇതൊക്കെ ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്കു വരുവാന്‍ തടസ്സങ്ങളാണ്.
എന്നാല്‍ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തു കര്‍ത്താവിനെ കണ്ടുമുട്ടി ഉറച്ച ക്രിസ്ത്യാനിയായിത്തീരുന്നതോടെ നാം ഓരോരുത്തരം നമ്മെ രക്ഷിച്ച കര്‍ത്താവിന്റെ ഉത്തമ സാക്ഷികളായിത്തീരുന്നു. ഈ ദര്‍ശനം നമ്മെ നയിക്കുന്നുവെങ്കില്‍ കര്‍ത്താവു നാം ആഗ്രഹിക്കുന്നതിനപ്പുറം ആത്മാക്കളെ നേടുവാന്‍ നമ്മെ സഹായിക്കുകതന്നെ ചെയ്യും.
സ്വീഡനില്‍ കര്‍ത്താവിന്റെ വേലയിലായിരുന്ന കര്‍ത്തൃദാസി അന്നഹിത പാര്‍സന്‍ (47) അതിനു ഉത്തമ ഉദാഹരണമാണ്.
പാര്‍സന്റെ ജീവിത കഥ തന്നെ വളരെ ത്യാഗോജ്ജ്വലമാണ്.
ഇറാനിലെ ഒരു യാഥാസ്ഥിത മുസ്ളീം കുടുംബത്തിലാണ് പാര്‍സന്‍ ജനിച്ചത്. 16-ാം വയസ്സില്‍ ഒരു മുസ്ളീം യുവാവുമായി വിവാഹം നടന്നു. ദമ്പതികള്‍ക്ക് ഒരു മകന്‍ ജനിച്ചുകഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഒരു അപകടത്തില്‍ മരിച്ചു. ഭര്‍ത്താവിന്റെ പിതാവ് പാര്‍സന്റെ മകനെ ഭര്‍ത്തൃ വീട്ടില്‍ താമസിപ്പിച്ചു. പാര്‍സനുമായി രമ്യതയിലായിരുന്നില്ല. പിന്നീട് മകനെ നിയമപരമായി ഭര്‍ത്തൃപിതാവിന്റെ കയ്യില്‍നിന്നും വേര്‍പെടുത്തി സ്വന്തം വീട്ടിലേക്കു പോയി.
രണ്ടു വര്‍ഷത്തിനുശേഷം മറ്റൊരു വിവാഹം ചെയ്തു. വരന്റെ ഭാര്യ നേരത്തെ മരിച്ചുപോയിരുന്നു. പുതിയ ദാമ്പത്യ ജീവിതത്തിലേക്കു കടന്നു വന്ന ഭര്‍ത്താവ് അഷ്ഗര്‍ തന്റെ ആദ്യ ബന്ധത്തിലുണ്ടായിരുന്ന മകനെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. അപ്പോള്‍ പാര്‍സന്‍ ഗര്‍ഭിണികൂടിയാണ്. പിന്നീട് ഒരു മകള്‍ കൂടി പിറന്നു. മൂത്ത മകന് ഡാനിയേല്‍ എന്നും മകള്‍ക്ക് റോക്സാന എന്നും പേരിട്ടു.
1984 കാലത്ത് ഇറാന്‍ -ഇറാക്ക് യുദ്ധം നടക്കുന്ന സമയമായിരുന്നു. അഷ്ഗറും പാര്‍സനും തുര്‍ക്കിയിലേക്കു രക്ഷപെടുവാന്‍ ശ്രമിച്ചു. പാസ്പോര്‍ട്ടും പേപ്പറുകളും ഇല്ലാതെവന്ന ഇവരെ ഭരണകൂടം നിയമവിരുദ്ധരെന്നു കണ്ടു ജയിലില്‍ അടച്ചു. പിന്നീട് മോചിതരായപ്പോള്‍ ഡെന്മാര്‍ക്കിലെത്തി. 9 മാസം അവിടെ കഴിഞ്ഞു.
അപ്പോള്‍ താമസിക്കുന്ന മുറിയില്‍ ഒരു സ്ത്രീ വന്നു വാതില്‍ മുട്ടി. ജീവിക്കുന്ന ദൈവത്തെക്കുറിച്ചു സംസാരിച്ചു. എന്നാല്‍ പാര്‍സനു ദേഷ്യവും അനിഷ്ടവും തോന്നി. പിറ്റേദിവസം ആ സ്ത്രീ ഒരു ബൈബിളുമായി വന്നു പാര്‍സനുമായി സുവിശേഷം പങ്കുവെച്ചു പിരിഞ്ഞു. എന്നാല്‍ പാര്‍സന്‍ യേശു എന്നെ സഹായിക്കുമോ എന്നു സ്വയം ചോദിച്ചു. പീന്നീട് ബൈബിള്‍ വായിക്കാന്‍ തുടങ്ങി. ബൈബിള്‍ ഭര്‍ത്താവു കാണാതെ രഹസ്യമായി സൂക്ഷിച്ചു.
1989-ല്‍ ഒരു ക്രിസ്തുമസ് കാലത്ത് ഭര്‍ത്താവിന്റെ പീഢനത്തെത്തുടര്‍ന്ന് പാര്‍സന്‍ അമിതമായി ഗുളിക കഴിച്ചു ആശുപത്രിയിലായി. തന്നെ ചിലര്‍ സഹായിച്ചു. ഇതിനിടയില്‍ ഭര്‍ത്താവ് മക്കളെയും കൂട്ടി ഇറാനിലേക്കു രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നീട് പാര്‍സര്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചു. അങ്ങനെ രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു. പിന്നീട് മക്കളേയും കൂട്ടി സ്വീഡനിലെത്തി താമസിച്ചു. 2006-ല്‍ ഒരു കാര്‍ അപകടത്തില്‍പ്പെട്ട പാര്‍സന്‍ അത്ഭുതകരമായി രക്ഷപെട്ടു.
അപ്പോള്‍ താന്‍ ഒരു ഉറച്ച തീരുമാനമെടുത്തു. ശേഷിക്കും കാലം മുസ്ളീങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അവരെ നേടണമെന്ന്. അങ്ങനെ സ്വീഡന്‍ ചര്‍ച്ചുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 2012-ല്‍ ഒരു ഓര്‍ഡയിന്‍ പാസ്റ്ററായി പാര്‍സന്‍ ശുശ്രൂഷ ആരംഭിക്കുകയും ഒപ്പം സ്വീഡനിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കുന്ന മുസ്ളീങ്ങളുടെ ഇടയില്‍ സുവിശേഷം പങ്കുവെയ്ക്കുകയും ചെയ്തു തുടങ്ങി. നിരവധി സഭകള്‍ സ്ഥാപിച്ചു.
ഇറാന്‍ , അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു വന്ന മുസ്ളീങ്ങള്‍ രക്ഷിക്കപ്പെട്ടു സ്നാനമേറ്റു. അങ്ങനെ 5 വര്‍ഷം കൊണ്ടു 1,500 മുസ്ളീങ്ങളെയാണ് പാര്‍സന്‍ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്നത്. അതിനിടയില്‍ മാരകായുധങ്ങള്‍കൊണ്ടുള്ള ആക്രമണങ്ങള്‍ , ബോംബാക്രമങ്ങള്‍ എന്നീ ഭീഷണികളും നേരിട്ടു. ഇപ്പോള്‍ കര്‍ത്തൃവേലയില്‍ മുന്നേറുന്നു.

