തട്ടിക്കൊണ്ടുപോയ 200 വിദ്യാര്‍ത്ഥിനികളെ മതം മാറ്റി ഭാര്യമാരാക്കിയതായി ബോക്കോഹറാം

Breaking News Features Middle East

തട്ടിക്കൊണ്ടുപോയ 200 വിദ്യാര്‍ത്ഥിനികളെ മതം മാറ്റി ഭാര്യമാരാക്കിയതായി ബോക്കോഹറാം
അബുജ: കഴിഞ്ഞ ഏപ്രില്‍ 19ന് നൈജീരിയായിലെ ചിബോക്ക് സെക്കന്ററി സ്കൂളില്‍നിന്ന് ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദികള്‍ക്ക് വിവാഹം ചെയ്തു കൊടുത്തതായി വെളിപ്പെടുത്തല്‍ ‍.

 

270 പെണ്‍കുട്ടികളെയായിരുന്നു അന്ന് ട്രക്കുകളിലെത്തിയ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയത്. ഇതില്‍ 60-തിലധികം വിദ്യാര്‍ത്ഥിനികള്‍ പല സമയങ്ങളിലായി രക്ഷപെട്ടിരുന്നു. ചിലരെ മനുഷ്യ ബോംബായും തീവ്രവാദികള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

ക്രൈസ്തവ പെണ്‍കുട്ടികളെ തങ്ങള്‍ മതം മാറ്റുകയും തീവ്രവാദപോരാളികള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തതായും, പെണ്‍കുട്ടികളുടെ മാതാപിതാക്കളും ഉടന്‍തന്നെ ഇസ്ളാംമതം സ്വീകരിക്കണമെന്ന മുന്നറിയിപ്പും നല്‍കുന്ന വിവരണം അടങ്ങിയ വീഡിയോയാണ് തീവ്രവാദികള്‍ തന്നെ പുറത്തുവിട്ടത്. ഇതിനിടെ തീവ്രവാദികള്‍ പെണ്‍കുട്ടികളെ മോചിപ്പിക്കുവാന്‍ ധാരണയായതായി എന്ന നൈജീരിയന്‍ അധികൃതരുടെ അറിയിപ്പ് മാധ്യമങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ച ലഭിച്ചിരുന്നു.

 

ഇസ്ളാമിക രാഷ്ട്രം രൂപീകരിക്കാനായി പൊരുതുന്ന ബോക്കോഹറാം നൈജീരിയന്‍ സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാര്‍ ഒന്നും ഉണ്ടാക്കിയിട്ടില്ലെന്ന് വീഡിയോയില്‍ പറയുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ വന്നതോടെ കുട്ടികളുടെ മാതാപിതാക്കള്‍ അങ്കലാപ്പിലായിരിക്കുകയാണ്. പാശ്ചാത്യ വിദ്യാഭ്യാസത്തെ അന്ധമായി എതിര്‍ക്കുന്ന ബോക്കോഹറാം തീവ്രവാദികളുടെ നടപടികള്‍ക്കെതിരായി ലോകത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published.