യേശുവിന്റെ പാദസ്പര്‍ശനമേറ്റ പുരാതന റോഡ് ഗവേഷകര്‍ കണ്ടെത്തി
യെരുശലേം: യെരുശലേമിന്റെ പുനര്‍ സമാഗമനത്തിന്റെ 50-ാം വാര്‍ഷികം യിസ്രായേല്‍ ആഘോഷിക്കുന്ന ഈ ആഴ്ചയില്‍ ലോക ക്രൈസ്തവ ജനതയ്ക്കു കൂടി അഭിമാനിക്കാവുന്ന ഏറ്റവും വലിയ ഒരു ചരിത്ര വാര്‍ത്തകൂടി പുറത്തു വന്നിരിക്കുകയാണ്.
2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ലോക രക്ഷകനായി ഭൂമിയില്‍ ജാതനായി, മനുഷ്യ വര്‍ഗ്ഗത്തിന്റെ വിമോചനത്തിനായി യാത്ര ചെയ്ത യേശുക്രിസ്തുവിന്റെ പാദസ്പര്‍ശനമേറ്റ റോഡ് യെരുശലേമില്‍ കണ്ടെത്തിയതാണ് വാര്‍ത്തയായിരിക്കുന്നത്.
രണ്ടാം യെരുശലേം ദൈവാലയ കാലത്തെ ചരിത്ര പ്രസിദ്ധമായ റോഡിന്റെ ഭാഗങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയതായി പുറത്തു വിട്ട വാര്‍ത്ത. ശീലോഹാം കുളത്തിന്റെ സമീപത്തുനിന്നും ടെമ്പില്‍ മൌണ്ട് വരെ ഈ റോഡ് പോകുന്നു. പരസ്യ ശുശ്രൂഷാ കാലത്ത് ദൈവാലയത്തില്‍നിന്നും യാത്ര തിരിച്ചശേഷം പിറവിയിലെ കുരുടനായ ഒരു മനുഷ്യനെ കണ്ടപ്പോള്‍ നിലത്തു തുപ്പി, തുപ്പല്‍ കൊണ്ടു ചേറുണ്ടാക്കി യേശു അവന്റെ കണ്ണിന്മേല്‍ പുരട്ടി നീ ചെന്നു ശീലോഹാം കുളത്തില്‍ പോയി കഴുകുക എന്നു അവനോടു പറഞ്ഞപ്പോള്‍ അവന്‍ അപ്രകാരം ചെയ്തു കണ്ണിനു കാഴ്ച ലഭിച്ചതായി ബൈബിളില്‍ വായിക്കുന്നു. (യോഹന്നാന്‍ 9:1-11).
ആതായത് യേശു യെരുശലേം ദൈവാലയത്തിലേക്കു യാത്ര ചെയ്തപ്പോഴൊക്കെയും ഈ വഴിയിലൂടെ സഞ്ചരിച്ചതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ യിസ്രായേല്‍ ആന്റിക്വിറ്റി അതോറിറ്റിയുടെ ഗവേഷകരായ മോറാന്‍ ഹഗ്ബിയും, നഹ്ഷോന്‍ സാന്റണും അഭിപ്രായപ്പെടുന്നു. ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയ റോഡ് ഉപരിതലത്തില്‍നിന്നും 20 അടിയോളം താഴ്ചയിലാണ്. 7.5 മീറ്റര്‍ വീതിയുണ്ട്.
നേരത്തേ മണ്ണിനടിയില്‍ മൂടപ്പെട്ടു പോയതാകാമെന്നു ഗവേഷകര്‍ പറയുന്നു. ഈ റോഡു പണിതത് പൊന്തിയോസ് പീലാത്തോസ് ആയിരിക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മനോഹരമായ കല്ലുകള്‍ പാകിയ ഈ റോഡ് യെരുശലേം ദൈവാലയത്തിലേക്കു പോകുവാനായി അനേകര്‍ ഉപയോഗിച്ചതായും കരുതുന്നു.
ഈ റോഡ് എ.ഡി. 70-ല്‍ റോമാക്കാരുടെ ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ടതായിരിക്കാമെന്നും വിശ്വസിക്കുന്നു. എ.ഡി. 70-ലെ യെരുശലേം ആക്രമണത്തെയും ശരിവെയ്ക്കുന്നതാണ് തകര്‍ന്ന റോഡിന്റെ അവശിഷ്ടം കണ്ടെത്തിയതോടെ തെളിയിക്കപ്പെട്ടതെന്നു ഗവേഷകര്‍ പറഞ്ഞു.
അന്നത്തെ കലാപത്തില്‍ ഉപയോഗിച്ചിരുന്ന അമ്പിന്റെ അഗ്രഭാഗങ്ങളും, ദൂരേയ്ക്ക് എറിയുവാനുള്ള ഉരുണ്ട കല്ലുകളും മണ്ണിനടയില്‍നിന്നു കണ്ടെടുക്കുകയുണ്ടായി.

