ഇറുകിയ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഐ.എസ്. പിഴ ഇടുന്നു: പെന്തക്കോസ്തുകാര്‍ക്കോ?

Breaking News Global Middle East Top News

ഇറുകിയ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഐ.എസ്. പിഴ ഇടുന്നു: പെന്തക്കോസ്തുകാര്‍ക്കോ?
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിച്ചാല്‍ അവര്‍ക്ക് 25 ഡോളര്‍ പിഴ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്.

 

നമ്മുടെ നാട്ടില്‍ പെന്തക്കോസ്തു സഭകളിലെ ചില കൊച്ചു സഹോദരിമാര്‍തൊട്ട് മൂത്ത സഹോദരിമാര്‍ വരെ ഇന്ന് സഭാ യോഗങ്ങളില്‍ വരുമ്പോഴും, പുറത്തു യാത്ര ചെയ്യുമ്പോഴും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുവാന്‍ ഇഷ്ടപ്പെടുന്നു.

 

ഇന്ന് പെണ്‍കുട്ടികള്‍ തുണിക്കടകളില്‍ സുലഭമായി കിട്ടുന്ന ലെഗ്ഗിന്‍സുകളും (ഇറുകിയ പാന്‍റ്സ്) ഇറുകിയ ജീന്‍സും ധരിച്ചു കാണുമ്പോള്‍ ലജ്ജതോന്നുന്നുവെന്ന് പല ആത്മീയരായ ദൈവമക്കളും പറയുന്നത് കേട്ടിട്ടുണ്ട്.

 

പക്ഷേ പരസ്യമായോ, രഹസ്യമായോ അവരോടോ അവരുടെ രക്ഷകര്‍ത്താക്കളോടോ ഈ വിവരം പറഞ്ഞാല്‍ പറയുന്നവര്‍ക്ക് ലഭിക്കുന്ന പ്രതികരണം ഇപ്പോള്‍ ഇവിടെ വര്‍ണ്ണിക്കുവാന്‍ പ്രയാസകരമാണ്. ചില പാസ്റ്റര്‍മാരുടെയും, പൊതുശുശ്രൂഷകരുടെയും ഭാര്യമാരും, പെണ്‍മക്കളും ഇതുമാതിരിയുള്ള ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചു പൊതുവേദികളിലും, സഭായോഗങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്.

 

വിദേശങ്ങളില്‍നിന്നും വരുന്ന ചില പെണ്‍കുട്ടികള്‍ അവിടുത്തെ കള്‍ച്ചറാണെന്നും പറഞ്ഞ് കൈ ഇല്ലാത്ത ഉടുപ്പുകളും, ടീ ഷര്‍ട്ടും ധരിച്ചു പൊതുസ്ഥലത്തും ആത്മീക കൂട്ടായ്മകളിലും പങ്കെടുത്ത് ദൈവനാമം ദുഷിപ്പിക്കുന്നതിന് എന്നാണ് ശാപമോക്ഷം കിട്ടുക. പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും, ചെറുപ്പക്കാര്‍ക്കും, ചില പാസ്റ്റര്‍മാര്‍ക്കും, പൊതുശുശ്രൂഷകന്മാര്‍ക്കും ഇറുകിയ പാന്‍റ്സുകള്‍ ധരിക്കുന്നതിനോടാണ് ഏറെ ഇഷ്ടം.

 
ഐ.എസ്. അവരുടെ സംഘടനകളില്‍ ചില കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മതാചാര പ്രകാരമുള്ള വസ്ത്രം ശരിയായി ധരിക്കാത്ത പുരുഷന്മാരില്‍നിന്ന് അഞ്ച് ഡോളറും, സോക്സും ഗ്ലൗസും ധരിക്കാത്ത സ്ത്രീകള്‍ 30 ഡോളറും പിഴ നല്‍കേണ്ടിവരും. സിഗററ്റ് കൈവശം വയ്ക്കുന്ന പുരുഷന്മാര്‍ 46 ഡോളറും സ്ത്രീകള്‍ 23 ഡോളറും പിഴ നല്‍കണം.

 
നമ്മുടെ പെന്തക്കോസ്തു സഭകളില്‍ കൂട്ടായ്മകളില്‍ പ്രത്യേകിച്ച് ശുശ്രൂഷകരില്‍ നല്ലൊരു ശതമാനം പേരും, സഹോദരിമാരില്‍ നല്ലൊരു ശതമാനം പേരും ഇന്ന് വെള്ള വസ്ത്രം ധരിക്കാന്‍ താല്‍പ്പര്യം കാട്ടാതെ കളര്‍ വസ്ത്രങ്ങളും, ഫാഷന്‍ വസ്ത്രങ്ങളും ധരിക്കുവാനാണ് ഇഷ്ടപ്പെടുന്നത്. അതുപോലെ സമൂഹത്തില്‍ യുവാക്കളില്‍ നല്ലൊരു വിഭാഗം പേരും ബുള്‍ഗാന്‍ താടി വച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്നു.

 

പെന്തക്കോസ്തുകാരും ഇത് അനുകരിക്കുന്നു. ഇറുകിയ പാന്‍റ്സും ഷര്‍ട്ടും ധരിച്ച് ബുള്‍ഗാന്‍ താടിയും വച്ച് നടക്കുന്ന ‘പൊതുശുശ്രൂഷകരേയും’ ചിലയിടങ്ങളില്‍ കാണാം. മലയാളികളായ ബുള്‍ഗാന്‍ താടിക്കാര്‍ പല സഭകളിലും പ്രസംഗ വേദികളില്‍ ഇന്ന് സുപരിചിതരാണ്. അതുപോലെ സ്ത്രീകളുടെ ഏറ്റവും വലിയ പോരായ്മ അവര്‍ തലയില്‍ തുണി ഇടുവാന്‍ മടിക്കുന്നു എന്നതാണ്, പ്രത്യേകിച്ച് പുതുതലമുറകള്‍ ‍.

 

ഇതൊക്കെ നിയന്ത്രിക്കാനും, ഇങ്ങനെയുള്ള പ്രകൃതങ്ങള്‍ അവസാനിപ്പിക്കാനും നിയോഗിക്കപ്പെട്ടിരിക്കുന്ന ഇടയന്മാര്‍ മൗനവാദികളായിത്തീരുന്നു. അതിനു കാരണം അവരുടെ നിലനില്‍പ്പാണ്. വരുമാനം കുറയുന്ന പണിക്ക് ഇടപെടാന്‍ ആരും താല്‍പ്പര്യം കാണിക്കുന്നില്ല എന്നതാണ് വാസ്തവം.

 

ബൈബിള്‍ പറയുന്നു “അവ്വണ്ണം യൗവ്വനക്കാരേയും സുബോധമുള്ളവരായിരിപ്പാന്‍ പ്രബോധിപ്പിക്ക. വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറയാന്‍ വകയില്ലാതെ സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശിലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം”. (1 തിമൊ. 2:9)

Leave a Reply

Your email address will not be published.