യെസീദി അഭയാര്‍ത്ഥികള്‍ക്ക് തുര്‍ക്കി ക്രൈസ്തവരുടെ സഹായ ഹസ്തം
സിലോപ്പി: ഐ.എസ്. തീവ്രവാദികളുടെ കടുത്ത ആക്രമണങ്ങളെ അതിജീവിച്ച് ഇറാക്കില്‍നിന്നും തുര്‍ക്കിയിലേക്കു പാലായനം ചെയ്ത അഭയാര്‍ത്ഥികളായ പതിനായിരക്കണക്കിന് യെസീദികള്‍ക്ക് ക്രൈസ്തവ സമൂഹത്തിന്റെ സഹായഹസ്തം.
തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ പ്രാന്ത പ്രദേശങ്ങളില്‍ താല്‍ക്കാലിക കൂടാരങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന നിരവധി യസീദികള്‍ക്കാണ് തുര്‍ക്കി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് നിരവധി ക്രൈസ്തവ സഭകള്‍ ഭക്ഷണവും, കുടിവെള്ളവും, വസ്ത്രങ്ങളും താല്‍ക്കാലിക ഷെല്‍ട്ടറുകളും അടിസ്ഥാന സാധന സാമഗ്രികളും നല്‍കുന്നത്. സിലോപ്പി പ്രദേശത്ത് ഇത്തരത്തില്‍ താമസിക്കുന്ന 30,000 ത്തോളം അഭയാര്‍ത്ഥികള്‍ക്ക് ദിയാര്‍ബകിര്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ആഹാരം, കുടിവെള്ളം, വസ്ത്രങ്ങള്‍ മറ്റ് അടിസ്ഥാന ആവശ്യ സാധന സാമിഗ്രികള്‍ വിതരണം ചെയ്തു വരുന്നതായി പാസ്റ്റര്‍ എന്‍ഡര്‍ പെക്കര്‍ പറഞ്ഞു.
സഭ നേരത്തേ യസീദികള്‍ക്ക് ടെന്റുകളും നല്‍കിയിരുന്നു. സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ 1,20000 ത്തോളം അഭയാര്‍ത്ഥികള്‍ വിവിധ സ്ഥലങ്ങളില്‍ പാര്‍ക്കുന്നു. യസീദികള് ഇറാക്കില്‍നിന്നും എത്തിയത് തലനാരിഴയ്ക്ക് രക്ഷപെട്ടാണ്. ഐ.എസ്. മുന്നേറ്റത്തില്‍ ആയിരക്കണക്കിനു യസീദികളെ തീവ്രവാദികള്‍ കൊന്നൊടുക്കിയിരുന്നു.
ഇറാക്കില്‍നിന്നു രക്ഷപെട്ടു പല രാജ്യങ്ങളില്‍ അഭയം തേടിയ യസീദികളുടെ ഇടയില്‍ ക്രൈസ്തവ മിഷണറി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുള്ള സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ നൂറുകണക്കിനു യസീദികള് രക്ഷിക്കപ്പെട്ടു ക്രിസ്തുവിനെ സ്വീകരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു.

