വാട്സാപ്പില്‍ ഒരു സന്ദേശം; ലിങ്ക് ക്ളിക്ക് ചെയ്തതേയുള്ളു, സ്ത്രീക്ക് നഷ്ടമായത് അരലക്ഷത്തോളം രൂപ
കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങളയച്ച് പണം തട്ടിയെടുത്തതായി പരാതി. മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ വന്ന മെസേജിലെ ലിങ്ക് ക്ളിക്ക് ചെയ്ത കോഴിക്കോട് കുരുമംഗലം സ്വദേശിനിയായ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് അര ലക്ഷത്തോളം രൂപ.
ഇത്തരത്തില്‍ നിരവധി പുരാതികളാണ് മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കുന്നത്. അമിത വേഗത്തില്‍ വാഹനമോടിച്ചതിന് പിഴയടയ്ക്കണമെന്നു കാണിച്ചാണ് കോഴിക്കോട് ആര്‍ടിഒയുടെ പേരില്‍ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് സന്ദേശമെത്തിയത്. ചെലാന്‍ നമ്പറും വാഹന നമ്പറുമെല്ലാം ഉള്‍പ്പെടുന്ന സന്ദേശം വാട്സാപ്പിലാണ് എത്തിയത്.
എപികെ ഫയലിനോടൊപ്പം വന്ന സന്ദേശം തുറന്നു നോക്കിയതേയുള്ളു അപ്പോഴേക്കും രൂപ നഷ്ടമായതായി പറയുന്നു. മറ്റു ബാങ്ക് അക്കൌണ്ടുകളുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി വന്നെങ്കിലും പണമില്ലാതിരുന്നതിനാല്‍ നഷ്ടമുണ്ടായില്ല.
സംഭവത്തില്‍ അന്വേഷണം നടത്തി വരുകയാണെന്ന് പോലീസ് പറഞ്ഞു. പണം തട്ടാനായി സൈബര്‍ തട്ടിപ്പ് സംഘം സ്വീകരിക്കുന്ന പുതിയ രീതിയാണിത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ വരുന്ന എപികെ ലിങ്ക് തുറന്നാല്‍ ഉടന്‍ മൊബൈലിലെ വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന്റെ കൈകളിലേക്ക് എത്തും. വൈകാതെ ബാങ്ക് അക്കൌണ്ടിലെ പണം ഇവര്‍ ട്രാന്‍സ്ഫര്‍ ചെയ്യും.
നിയമ ലംഘനങ്ങള്‍ക്ക് വാട്സാപ്പ് വഴി മോട്ടോര്‍ വാഹന വകുപ്പ് സന്ദേശമയയ്ക്കാറില്ല. വളരെ ചെറിയ സന്ദേശം മാത്രമാകും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ മമ്പറിലേക്ക് അയയ്ക്കുക.
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പോരിലാണ് പിഴയടയ്ക്കണമെന്നു കാണിച്ചിട്ടുള്ള വ്യാജ സന്ദേശം എത്തുന്നത്. ഇതില്‍ ചെലാന്‍ നമ്പറും ഉള്‍പ്പെട്ടിരിക്കും.
സന്ദേശത്തില്‍ സംശയം തോന്നിയാല്‍ ഉടന്‍ ഔദ്യോഗിക വെബ് സൈറ്റില്‍ പരിശോധിക്കുകയോ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെടുകയോ വേണം.