വിശുദ്ധമായി ജീവിക്കുക (എഡിറ്റോറിയൽ)
അനേക കുടുംബ ബന്ധങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിന്ന്. പഴയ കാലത്തേക്കാള്‍ വേഗത്തിലാണ് പലരുടെയും കുടുംബ ബന്ധങ്ങള്‍ തകരുന്നത്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഉണ്ടാകണമെന്നില്ല.
നിസ്സാര കാര്യങ്ങള്‍ക്കു പോലും പരസ്പരം വഴക്കു കൂടുകയും അക്രമത്തിന്റെ വക്കിലെത്തുകയും, വേര്‍പിരിഞ്ഞു ജീവിക്കുകയും, വക്കീല്‍ നോട്ടീസുകള്‍ അയയ്ക്കുകയും ചെയ്യുന്ന പ്രവണതകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്.
ഇതിന്റെയെല്ലാം പിന്നിലെ പ്രധാന കാരണം സ്നേഹമില്ലായ്മയാണ്. പിന്നെ പരസ്പര വിശ്വാസക്കുറവും. അവിശ്വാസികളുടെ ഇടയില്‍ സര്‍വ്വസാധാരണമായ ഇത്തരം സ്വഭാവങ്ങള്‍ ഇന്നു നല്ലൊരു വിഭാഗം ക്രൈസ്തവ കുടുംബങ്ങളേയും സ്വാധീനിച്ചിരിക്കുകയാണ്.
പെന്തക്കോസ്തു സമൂഹങ്ങളിലും ഇത്തരം മ്ളേഛതകള്‍ കടന്നു കൂടിയിട്ടുണ്ട്. മേല്‍ പറഞ്ഞ എല്ലാ ദൂഷ്യങ്ങളും പല പെന്തക്കോസ്തു കുടുംബങ്ങളിലും കാണുവാന്‍ കഴിയും.
പെന്തക്കോസ്തു കുടുംബങ്ങളിലെ മലിനതകള്‍ ദൈവസഭയിലും കാര്യമായി ബാധിച്ചിട്ടുണ്ട്. ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍ സഭയില്‍ നടക്കുവാന്‍ തടസ്സങ്ങളുണ്ടാകുന്നു.
കര്‍ത്തൃദാസന്മാര്‍ പലരും ഇന്നു സ്വന്തം നിലനില്‍പ്പിനും സാമ്പത്തിക നേട്ടങ്ങള്‍ക്കും വേണ്ടി മാത്രം വിശ്വാസികളുടെ ദുഷിച്ച ജീവിതരീതികള്‍ക്കെതിരായി പ്രതികരിക്കാന്‍ മടികാട്ടുന്നു.
അവര്‍ക്കു അവരുടെ സ്വന്തം കുടുംബം മാത്രം നോക്കണം എന്നുള്ള ദര്‍ശനത്താല്‍ പാപവഴികളിലേക്കു നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ രക്ഷയ്ക്കായി ഒന്നും ചെയ്യാതെ പാരമ്പര്യ പൌരോഹിത്യ സഭകളുടെ രീതിപോലെ ആരാധനകളും കൂട്ടായമകളും വെറും ചടങ്ങുകളായി മാത്രം നടത്തി വരുന്നു.
ദുര്‍ന്നടപ്പും സാമ്പത്തിക തിരിമറികളും അധികാരക്കൊതികളും ഇന്നു പല പെന്തക്കോസ്തു പ്രസ്ഥാനങ്ങളെയും പിടിച്ചുകെട്ടിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സെക്യുലര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു അവിശ്വാസികള്‍ പെന്തക്കോസ്തുകാരെ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.
സകലത്തില്‍നിന്നും വേര്‍പെട്ടവരെന്ന് സ്വയം മുഖം മൂടി അണിഞ്ഞ് വ്യജ ആത്മീകരായി വിലസുന്നവര്‍ ദൈവത്തിന്റെ നാമം ദുഷിപ്പിക്കുകയാണ്. ദൈവസ്നേഹവും തീക്ഷ് ണതയും കൈവിടപ്പെട്ടപ്പോള്‍ എല്ലാം തകിടം മറിഞ്ഞ അവസ്ഥയിലായി.
ഒരുത്തന്‍ ഒരുത്തനെ കണ്ടുകൂടാത്ത കാലം. ഒരാള്‍ക്ക് ഒരാളെ വിശ്വസിക്കുവാന്‍ കഴിയാത്ത കാലം. സ്വന്തം കുടുംബത്തില്‍നിന്നു തന്നെ തുടങ്ങണം നമ്മുടെ മാതൃകയുള്ള വിശ്വാസ ജീവിതം.
കുടുംബാംഗങ്ങളുടെ മുമ്പില്‍ മാതൃക കാണിക്കുമ്പോള്‍ അത് സഭയ്ക്കകത്തും അനുകരണീയമായിത്തീരും. പിന്നാലെ സമൂഹത്തിലേക്കും നമ്മുടെ നല്ല പെരുമാറ്റം ശ്രദ്ധിക്കപ്പെടുവാനിടയാകും.
മുന്‍ കാലങ്ങളില്‍ അകപ്പെട്ടുപോയ അബദ്ധങ്ങളിലും തെറ്റുകളിലും വീണ്ടും വീണ്ടും കുറ്റമാരോപിച്ചുകൊണ്ടുള്ള പെരുമാറ്റം നല്ലതല്ല. സകലതും ക്ഷമിക്കുവാനും പൊറുക്കുവാനും കഴിയണം.
തമ്മില്‍ തമ്മില്‍ സ്നേഹിച്ചു കഴിയുമ്പോള്‍ നമുക്കു ദൈവപ്രവര്‍ത്തി കാണുവാന്‍ കഴിയും. ദൈവവചനം പറയുന്നു “അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു, നിര്‍മ്മലന്റെ പ്രവര്‍ത്തിയോ ചൊവ്വുള്ളതു തന്നേ”. (സദൃ. 21:8).
ദൈവമക്കളായ നമ്മുടെ ജീവിതം വളഞ്ഞ വഴിയിലൂടെയല്ല, നേരായമാര്‍ഗ്ഗത്തിലൂടെ ആയിരിക്കണം.
നമ്മള്‍ ദൈവവചനം ആഴമായി പഠിച്ച് മനസ്സിലാക്കി ജീവിക്കണം. സാത്താന്‍ നമ്മെ തകര്‍ക്കുവാന്‍ അനുവദിക്കരുത്. ദൈവപ്രവൃത്തിയുടെ അനന്തരഫലത്തിനായി പ്രതീക്ഷയോടെ ജീവിക്കാം.
പാസ്റ്റര്‍ ഷാജി. എസ്.