അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമ നിര്‍മ്മാണം ഉടന്‍ : സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അറുതി വരുത്തുവാന്‍ നിയമ നിര്‍മ്മാണം ഉടന്‍ എന്നു സര്‍ക്കാര്‍ . ഏഴുകൊല്ലം തടവു ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ബില്ലിനാണ് രൂപം നല്‍കുക.
നേരത്തെ ഇതു സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതെല്ലാം നടക്കാതെ വന്നു.
എന്നാല്‍ ഇലന്തൂരിലെ നരബലി സംഭവത്തോടുകൂടി സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള നടപടികളാരംഭിച്ചു. നിയമവകുപ്പ് കൈമാറിയ റിപ്പോര്‍ട്ട് പരിശോധിച്ച് വേഗം നിയമനിര്‍മ്മാണം നടത്താന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
അന്ധവിശ്വാസത്തിന്റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്ന ആശയങ്ങളെല്ലാം കുറ്റകൃത്യമാക്കി നിയമ പരിഷ്ക്കാര കമ്മീഷന്‍ സമഗ്ര റിപ്പോര്‍ട്ട് ഒരു വര്‍ഷം മുമ്പ് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.
നിയമ വകുപ്പ് തയ്യാറാക്കിയ കരട് ബില്ല് ആഭ്യന്തര വകുപ്പിന്റെ പരിഗണന കാത്തിരിക്കുകയാണ്. മന്ത്രവാദം, കൂടോത്രം, പ്രേതബാധ ഒഴിപ്പിക്കല്‍ തുടങ്ങി ചികിത്സാ നിഷേധം വരെ കുറ്റകൃത്യമാക്കുന്ന വിധത്തിലാണ് നിയമ പരിഷ്ക്കാര കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായ പീഢിപ്പിക്കലും കടുത്ത കുറ്റമാണ്. ദുര്‍മന്ത്രവാദവും കൂടോത്രവും നടത്തുന്നവര്‍ക്ക് പുതിയ നിയമപ്രകാരം ഏഴു വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും.
ശരീരത്തിന് ആപത്തുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ കരടു നിയമത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജസ്റ്റിസ് കെ.ടി തോമസ് അദ്ധ്യക്ഷനായ നിയമ പരിഷ്ക്കാര കമ്മീഷനാണ് ശുപാര്‍ശ തയ്യാറാക്കിയത്.