ന്യൂനപക്ഷ സമുദായക്കാര്‍ നടത്തുന്നതുകൊണ്ടു മാത്രം ന്യൂനപക്ഷ സ്ഥാപന പദവി പരിശോധിക്കുമെന്നു സുപ്രീം കോടതി
ന്യൂഡെല്‍ഹി: ന്യൂനപക്ഷ സമുദായത്തില്‍പെട്ടവര്‍ നടത്തുന്നു എന്നതുകൊണ്ടു മാത്രം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി ലഭിക്കുമോ എന്ന കാര്യം പരിശോധിക്കുമെന്ന് സുപ്രീം കോടതി.
ജസ്റ്റിസുമാരായ ബി. ആര് . ഗവായ്, ബി.വി. നാഗരത്ന എന്നിവരിടങ്ങിയ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ , ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന് , ദേശീയ മെഡിക്കല്‍ കമ്മീഷന് തുടങ്ങിയവര്‍ക്ക് നോട്ടീസ് അയച്ചു.
തങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി നല്‍കാനാവില്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മഹായാന തേരവാദ വജ്രായന ബുദ്ധിസ് റിലിജിയന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.
സ്ഥാപനത്തെ ന്യൂനപക്ഷ സ്ഥാപനമായി കണക്കാക്കാന്‍ പറ്റില്ലെന്ന യു.പി. സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു.
തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിക്കാരായ ചാരിറ്റബിള്‍ ട്രസ്റ്റ് 2001-ലാണ് മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത്.
ട്രസ്റ്റിലെ അംഗങ്ങള്‍ 2015-ല്‍ ബുദ്ധ മതം സ്വീകരിച്ചു. തുടര്‍ന്നാണ് തങ്ങള്‍ക്ക് ന്യൂനപക്ഷ സ്ഥാപന പദവി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.

