വിശക്കുന്നവര്‍ക്ക് ഇഷ്ടംപോലെ ഭക്ഷണം എടുക്കാം; കമ്മ്യൂണിറ്റി റഫ്രിജറേറ്റര്‍ സ്ഥാപിച്ച് വനിതാ ഡോക്ടര്‍
ചെന്നൈ: വിശക്കുന്നവന്റെ വേദന അറിയുന്നവരും അറിയാത്തവരും ഉള്ള ലോകത്താണ് നാം ജീവിക്കുന്നത്. അതായത് നന്മ പ്രവര്‍ത്തിക്കക്കുന്നവരും പ്രവര്‍ത്തിക്കാത്തവരും ജീവിക്കുന്ന ലോകത്ത്. പലരും മറ്റുള്ളവരുടെ വിശപ്പ് കണ്ടു മനസ്സിലാക്കി സഹായ ഹസ്തങ്ങള്‍ ചെയ്യാറുണ്ട്.
എന്നാല്‍ അവരില്‍നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയാണ് നന്മയുടെ പര്യായമായി ഒരു വനിതാ ഡോക്ടര്‍ . ചെന്നൈയിലെ എലിയട്ട്സ് ബീച്ചിനു സമീപം ഒരു റഫ്രിജറേറ്ററുണ്ട്. ഇതിനുള്ളില്‍ ഭക്ഷണം ഇടേണ്ടവര്‍ക്ക് ഇടാം. വിശക്കുന്ന ആര്‍ക്കും എടുത്തു കഴിക്കാം.
കമ്മയൂണിറ്റി റഫ്രിജറേറ്റര്‍ എന്നു പേരിട്ടിരിക്കുന്ന ഈ റഫ്രിജറേറ്ററില്‍ പഴങ്ങള്‍ , ജ്യൂസ്, സാന്‍വിച്ച്, ബിരിയാണി എന്നിവയുള്‍പ്പെടെയുള്ള നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ആളുകള്‍ നിക്ഷേപിക്കുന്നത്. ഭക്ഷണ വസ്തുക്കള്‍ക്കു പുറമേ പുസ്തകങ്ങള്‍ , തുണിത്തരങ്ങള്‍ , കളിപ്പാട്ടങ്ങള്‍ , ചെരിപ്പുകള്‍ എന്നിവയും നിക്ഷേപിക്കാനായി റഫ്രിജറേറ്ററിനോടു ചേര്‍ന്ന് ഒരു അലമാരയും സ്ഥാപിച്ചിട്ടുണ്ട്.
ഇതിനു മുമ്പിലൂടെ പോകുന്ന ആര്‍ക്കും വീട്ടില്‍ ഉണ്ടാക്കിയതോ, റസ്റ്റോറന്റില്‍നിന്നു വാങ്ങിയതോ ആയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഈ ഫ്രിഡ്ജിനുള്ളില്‍ നിക്ഷേപിക്കാം. വിശക്കുന്നരും ഭക്ഷണം വാങ്ങാന്‍ പണം ഇല്ലാത്തവരുമായ ആര്‍ക്കും ആവശ്യത്തിന് ഭക്ഷണം ഇതില്‍നിന്നും എടുത്തു കഴിക്കാം.
ഐസ ഫാത്തിമ ജാസ്മിന്‍ എന്ന വനിതാ ഡോക്ടറുടെ ആശയമാണ് കമ്മ്യൂണിറ്റി ഫ്രിഡ്ജ് എന്ന പദ്ധതി. നിരവധി ആളുകളാണ് ഇവിടെ ഭക്ഷണവും പാവപ്പെട്ടവര്‍ക്കായുള്ള സാധനങ്ങളും നിക്ഷേപിക്കുന്നത്. ആവശ്യക്കാരും ഏറെയാണ്.
ആര്‍ക്കും കണക്കു ചോദിക്കുകയോ പറയുകയോ വേണ്ട. മനസ്സൊരുക്കവും, സത്യസന്ധതയും മാത്രമാണ് ഈ പദ്ധതിയുടെ മുഖമുദ്ര. ഇന്ത്യയില്‍ വളരെയധികം അളവില്‍ ഭക്ഷണം പാഴാക്കുന്നുണ്ടെന്നാണ് ഐസ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ ജനസംഖ്യയ്ക്ക് ഒരു നേരം ഭക്ഷിക്കാനുള്ളതിന്റെ രണ്ടിരട്ടി നമ്മള്‍ നിര്‍മ്മിക്കുന്നു. പക്ഷേ അതില്‍ 50 ശതമാനവും ഉപയോഗ ശൂന്യമായി നാം വലിച്ചെറിയുന്നതായും ഐസ പറയുന്നു.
ഉപയോഗിക്കുവാന്‍ കഴിയാതെവണ്ണം വലിച്ചെറിയുന്ന ഭക്ഷണം മറ്റുള്ളവര്‍ക്കു ഒരു നേരം വയറു നിറയ്ക്കാനുള്ള സംവിധാനമാണ് ഞങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും ഈ പദ്ധതി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഐസ കൂട്ടിച്ചേര്‍ത്തു.

