10 മിനിറ്റ് വ്യായാമം ചെയ്യുന്നതുപോലും കാന്‍സര്‍ പ്രതിരോധത്തില്‍ വലുതെന്ന് പഠനം
ശാരീരിക വ്യായാമം പല ജീവിതശൈലീ രോഗങ്ങളെയും പ്രതിരോധിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇപ്പോഴിതാ ദിവസവും 10 മിനിറ്റ് വ്യായാമം ചെയ്യുന്നതുപോലും കാന്‍സര്‍ പ്രതിരോധത്തിനു വലുതാണെന്ന് വ്യക്തമാക്കുന്ന ഒരു പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു.
ന്യൂ കാസില്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കാന്‍സറിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദിവസവും 10 മിനിറ്റു പോലും വ്യായാമം ചെയ്യുന്നതിലൂടെ കുടലിലെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ഇത്തരത്തില്‍ വ്യായാമം ചെയ്യുന്നതിലൂടെ കുടലിലെ അര്‍ബുദത്തിന്റെ വളര്‍ച്ചയുടെ വേഗം കുറയ്ക്കുകയും തകരാറിലായ ഡിഎന്‍എ ശരിയാക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ചെറിയ രീതിയിലുള്ള വ്യായാമം പോലും രക്തത്തില്‍ വേഗത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുകയും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.

