ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നു; വന്‍ പ്രളയ സാദ്ധ്യതയെന്ന് ഗവേഷകര്‍
ഡെറാഡൂണ്‍: ആഗോള താപനില വര്‍ദ്ധനവ് ഹിമാലയന്‍ മേഖലയെയും നേരിട്ട് ബാധിക്കുന്നതിനാല്‍ ഉത്തരാഖണ്ഡിലെ മഞ്ഞുമലകളും വന്‍ ജല പ്രളയത്തിനു സാദ്ധ്യതയെന്ന് ഗവേഷകര്‍.
ഉത്തരാഖണ്ഡിലെ 23 പ്രധാന മഞ്ഞുമലകള്‍ അതിവേഗം ഉരുകുന്നതായി വാഡിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തി.
23 ഹിമാനികളുടെ ചരിത്ര രേഖകള്‍ പരിശോധിച്ച ഗവേഷകര്‍ ഓരോ മഞ്ഞുമലയും ഉരുകുന്നതിന്റെ കാരണങ്ങള്‍ വിശദമായി വിലയിരുത്തി.
ഓരോ മഞ്ഞുമലയും ആകൃതി, ചെരിവ്, മഞ്ഞിന്‍ മുകളിലുള്ള അവശിഷ്ടങ്ങളുടെ അളവ് എന്നിവയും ഉരുകലിന്റെ വേഗത്തിനെ സ്വാധീനിക്കുന്നു.
നേപ്പാളില്‍ 1,400 ലധികം ആളുകളുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കവുമായി മഞ്ഞുമലകളുടെ ഉരുക്കത്തിനു ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനു ദിവസങ്ങള്‍ക്കുശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭീമന്‍ മഞ്ഞുമലകളില്‍നിന്നും മഞ്ഞുകട്ടകള്‍ അടര്‍ന്നുവീണ് താഴ്വരകളിലൂടെ ഒഴുകിയെത്തുന്നത് ജനവാസ മേഖലയില്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ഇന്ത്യയ്ക്കു മാത്രമല്ല അയല്‍ രാജ്യങ്ങളുടെ ജലസേചനം, കൃഷി, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് വിലയിരുത്തപ്പെടുന്നു.

