അമിതമായ ഉറക്കശീലവും ആരോഗ്യത്തിനു ഹാനികരം
ഉറക്കം എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു അനുഭവമാണ്. എന്നാല്‍ ഉറക്കം അമിതമായാലും പ്രശ്നമാണ്. സ്ലീപ്പ് ഫൌണ്ടേഷന്റെ കണക്കനുസരിച്ച് ആരോഗ്യമുള്ള വ്യക്തികള്‍ക്ക് സാധാരണയായി ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്.
നവജാത ശിശുക്കള്‍ക്ക് 11 മണിക്കൂര്‍ മുതല്‍ 19 മണിക്കൂര്‍ വരെയാകാമെന്ന് ആരോഗ്യ സംഘടന പറയുന്നു. 24 മണിക്കൂറില്‍ 9 മണിക്കൂറിലധികം ഉറങ്ങുന്നതാണ് അമിത ഉറക്കം എന്ന് അര്‍ത്ഥമാക്കുന്നത്.
എന്നാല്‍ യാത്രാ ക്ഷീണംകൊണ്ടോ ജോലിയുടെ ഫലമായി ഉറങ്ങുന്നതെല്ലാം ഇതില്‍നിന്നു മാറ്റി നിര്‍ത്താം.
അമിത ഉറക്കം പ്രമേഹം, ഹൃദ്രോഗ മരണ സാദ്ധ്യത എന്നിവയുള്‍പ്പെടെ നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.
അമിതമായി ഉങ്ങുന്നതു ഒരു വ്യക്തിയില്‍ കാര്‍ഡിയോ മെറ്റബോളിക് സിന്‍ഡ്രം, സ്റ്റിഫ് ആര്‍ട്ടറികള്‍, സ്ട്രോക്ക്, ഹൃദ്രോഗം മൂലമുള്ള മരണം എന്നിവയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
അതുപോലെ ടൈപ്പ് 2 പ്രമേഹ സാദ്ധ്യത കൂടുതലാണെന്നും ഗവേഷണങ്ങള്‍ സൂചന നല്കുന്നു. 12 മണിക്കൂര്‍ വരെ ഉറങ്ങുന്നവരില്‍ രാത്രിയില്‍ 8 മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യത കൂടുതലാണ്.
കൂടാതെ പക്ഷാഘാത സാദ്ധ്യത, കടുത്ത തലവേദന, നടുവേദന എന്നിവയ്ക്കെല്ലാം അമിത ഉറക്കം കാരണമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

