മനുഷ്യ രാശിയെ ഇല്ലായ്മ ചെയ്യാന്‍ കഴിയുന്ന സംവിധാനങ്ങളാണ് എഐ കമ്പനികളുടേതെന്ന് രാജിവെച്ച എഐ ഗവേഷകന്‍
കാലിഫോര്‍ണിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെ ആശങ്കയുയര്‍ത്തുന്നുവെന്ന ആശങ്ക പങ്കുവെച്ച് മുന്‍ ഗവേഷകന്‍.
പ്രമുഖ എഐ സ്ഥാപനമായ ആന്ത്രോപിക്കിലെ ഗവേഷക ജോലിയില്‍നിന്നും രാജിവെച്ച് പുറത്തിറങ്ങിയ ജേക്കബ് കോക്സനാണ് എഐയുടെ മനുഷ്യ ജീവിതത്തിനെതിരായ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
ഓപ്പണ്‍ എഐയിലും സമാനമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സൂപ്പര്‍ ഇന്റലിജന്‍സ് വികസിപ്പിക്കുന്നതിനുള്ള മല്‍സരത്തില്‍ ഈ കമ്പനികള്‍ മനുഷ്യന്റെ ജീവന്‍ വച്ച് ചൂതു കളിക്കുകയാണെന്ന് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രീ ട്രെയിനിംഗ് ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ജേക്കബ് ഓപ്പണ്‍ എഐയും ആന്ത്രോപിക്കും യാതൊരു ഉത്തരവാദിത്വവും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നടിച്ചു.
സ്വയം മെച്ചപ്പെടുത്തുന്ന സൂപ്പര്‍ ഇന്റലിജന്‍സിലേക്ക് ഈ കമ്പനികള്‍ അന്ധമായി കുതിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ ദശാവസാനത്തോടെ ഇത്തരം സൂപ്പര്‍ ഇന്റലിജന്‍സ് സംവിധാനം മനുഷ്യരാശിയെത്തന്നെ അവസാനിപ്പിച്ചേക്കാമെന്ന് ഇവ നിര്‍മ്മിക്കുന്നവര്‍ക്കുപോലും ബോധ്യമുണ്ടെന്ന് 27 കാരനായ ഈ മുന്‍ ഗവേഷകന്‍ പറയുന്നു.

