മിഷണറി സ്കൂളില്‍ ബൈബിള്‍ കൊണ്ടുവരുന്നത്: വിവാദത്തെ തള്ളി മാനേജ്മെന്റ്

മിഷണറി സ്കൂളില്‍ ബൈബിള്‍ കൊണ്ടുവരുന്നത്: വിവാദത്തെ തള്ളി മാനേജ്മെന്റ്

Breaking News India

മിഷണറി സ്കൂളില്‍ ബൈബിള്‍ കൊണ്ടുവരുന്നത്: വിവാദത്തെ തള്ളി മാനേജ്മെന്റ്

ബംഗളുരു: ബംഗളുരുവിലെ ക്രിസ്ത്യന്‍ മിഷണറി സ്കൂളില്‍ കുട്ടികള്‍ കൈയ്യില്‍ ബൈബിള്‍ കരുതണമെന്ന തീരുമാനത്തെ എതിര്‍ത്ത് വിവാദമാക്കിയ ഹിന്ദു സംഘടനകളെ തള്ളി സ്കൂള്‍ മാനേജ്മെന്റ്.

ബംഗളുരുവിലെ റിച്ചാര്‍ഡ്സ് ടൌണിലെ 108 വര്‍ഷം പഴക്കമുള്ള ക്ളാരന്‍സ് ഹൈസ്കൂളിനെതിരെയാണ് വിവാദം ഉയര്‍ത്തുന്നത്. വിദ്യാര്‍ത്ഥികളോട് ക്ളാസിലേക്ക് ബൈബിള്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശത്തെ ഹിന്ദു ജാഗ്രതി സമിതിയാണ് എതിര്‍ക്കുന്നത്.

സ്കൂളില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടാത്ത വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും അവരെ ബൈബിള്‍ വായിക്കാന്‍ സ്കൂള്‍ മാനേജ്മെന്റ് നിര്‍ബന്ധിക്കുകയാണെന്നുമാണ് ഹിന്ദു ജാഗ്രതി സമിതിയുടെ സംസ്ഥാന വക്താവ് മോഹന്‍ ഗൌഡയുടെ ആരോപണം.

എന്നാല്‍ ബൈബിള്‍ അധിഷ്ഠിത വിദ്യാഭ്യാസമാണ് തങ്ങള്‍ നല്‍കുന്നതെന്നും പതിനൊന്നാം ക്ളാസിന്റെ അഡ്മിഷന്‍ ഫോമില്‍ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മാതാപിതാക്കള്‍ ഒപ്പിട്ടു നല്‍കുന്നുണ്ടെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ആ പ്രസ്താവന പ്രകാരം കുട്ടി ബൈബിള്‍ പഠനവുമായി ബന്ധപ്പെട്ട സണ്ടേസ്കൂളിലും മറ്റ് ക്ളബ്ബുകളുടെ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നതും ക്ളാസില്‍ ബൈബിള്‍ കൊണ്ടുവരുന്നതും മാതാപിതാക്കള്‍ എതിര്‍ക്കാന്‍ പാടില്ല എന്ന വ്യവസ്ഥയുണ്ട്.

കുട്ടികളുടെ ധാര്‍മ്മികവും ആത്മീകവുമായ ക്ഷേമത്തിനായിട്ടാണ് ഈ നടപടിയെന്നാണ് സ്കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കുന്നത്.
1914-ല്‍ ബ്രിട്ടീഷ് മിഷണറിമാരായിരുന്ന ആല്‍ഫ്രഡ്, വാള്‍ട്ടര്‍ റെഡ്വുഡ് എന്നിവരാണ് ക്ളാരന്‍സ് സ്കൂള്‍ ആരംഭിച്ചത്.

കുട്ടികളുടെ ബൌദ്ധികവും ആത്മീകവുമായ വളര്‍ച്ച, സാന്മാര്‍ഗ്ഗികവും കായികവുമായ അഭിവൃദ്ധി, സാമൂഹിക വികസനം എന്നിവയിലധിഷ്ഠിതമായി തുടങ്ങിയ സ്കൂള്‍ ബംഗളുരു നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്കൂളാണ്. ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി 2000 പേര്‍ പഠിക്കുന്നുണ്ട്.